Monday 15 December 2008

യു പി ബ്ലോക്കിലെ പടികള്‍




ഈ പടികളുടെ മൂട്ടില്‍ നിന്ന്‌ മോളിലോട്ട് നോക്കി വായും പൊളിച്ചു നില്‍ക്കാത്ത ചോരയും 'സോ കോള്‍ഡ്' നീരുമുള്ള ആണ്‍കുട്ടികള്‍ യുസിയില്‍ കുറവായിരുന്നു. ബ്രിടീഷുകാര്‍ പണിത ഈ മരഗോവണി കയറി സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യം വെട്ടിപ്പിടിക്കുന്നത്‌ സ്വപ്നം കാണുകയായിരുന്നില്ല അവരാരും. ഫുള്‍ പാവാട മുതല്‍ മുകളിലോട്ടുള്ള (മിഡി, മിനി തുടങ്ങിയ കാല്‍പനിക സുന്ദര പടപ്പുകള്‍) ഉടുപ്പിട്ട ഏതൊരു ക്ടാവും പടിയിറങ്ങിവരുന്നത് കാണാന്‍ ചങ്ക് പൊട്ടി നിന്നവര്‍.

മോളിലോട്ട് നോക്കാന്‍ എല്ലാവനും അവനവന്‍റേതായ നാനൂറ്റമ്പത്താറ് കാരണങ്ങള്‍ കാണും. പെണ്‍കുട്ടികള്‍ ഇറങ്ങിവരുന്ന താപ്പിന് ഒരു പണിയുമില്ലാതെ ഒപ്പം നിക്കുന്ന കൂട്ടുകാരനെ മുകളിലോട്ട് വിട്ട് അവനെ താഴെ നിന്ന്‌ വിളിക്കുക എന്നതായിരുന്നു അതില്‍ ഒരു പ്രധാന നമ്പര്‍.

ചുരിദാറ് കണ്ടുപിടിച്ചവനെ നിറുകം തലയ്ക്കടിച്ചു ശപിക്കാത്ത ഒരു പകല് പോലും അക്കാലത്ത് യുസിയിലൂടെ കടന്നു പോയിരുന്നില്ല.

എഫ്ഫര്‍വെസ്സന്‍സ് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ കെമിസ്ട്രി ലാബിലെ ടെസ്റ്റ് ട്യൂബില്‍ നിന്നുയരുന്ന 'ശൂ...ശൂ...' ശബ്ദം മനസ്സിലെത്തുന്നത്‌ പോലെ 'ഓംബുഡ്സ്മാന്‍' എന്ന വാക്കു കേട്ടാല്‍ ഇന്നും യു പി യിലെ ആ മരഗോവണി ഓര്‍ക്കും. കോട്ടിട്ട ഒരു തടിയന്‍ അതിന്‍റെ ഒത്ത മുകളില്‍ നിന്ന് താഴേക്ക്‌ 'ചടുപുടു' വീഴുന്ന ശബ്ദമാണത്രേ ഓംബുഡ്സ്മാന്‍!

2 comments:

Anonymous said...

ഇതിനു വേണ്ടി ഫസ്റ്റ് ഗ്രൂപ്പില്‍ പ്രീഡിഗ്രിയ്ക്ക് ബാച്ച് മാറിയ വിരുതന്മാര്‍ വരെ ഉണ്ട്.

Vinita Santhosh said...

ee kadhakal ippolaanu ariyunnathu ketto... njan 1pdc kku UP block il aayirunnu... churidaar kandu pidichavarkku nandi!!