Tuesday 23 December 2008

ചാപ്പല്‍


"പ്രിയേ വരിക, നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം,
അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളില്‍ പോയി
മുന്തിരിവള്ളി തളിര്‍ത്തു വിടരുകയും
മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു‌ നോക്കാം
അവിടെ വച്ച് ഞാന്‍ നിനക്കെന്‍റെ പ്രണയം തരും."

ടാങ്കര്‍ ലോറിക്കൊപ്പം വേദപുസ്തകത്തെയും പ്രണയത്തിന്‍റെ പ്രതിബിംബമാക്കിയ ചലച്ചിത്ര പ്രതിഭയാണ് പത്മരാജന്‍. യുസിയിലെ ചാപ്പലിനെ ഓര്‍ക്കുമ്പോള്‍ എന്തുകൊണ്ടോ ഉത്തമഗീതത്തിലെ ഈ വരികള്‍ ഓര്‍ക്കും, ഉള്ളില്‍ ഒരു നനവ് പടരും.

ദേവാലയമാണെങ്കിലും പ്രാവുകള്‍ക്ക് ഇവിടം പ്രണയത്തിന്‍റെ താജ്മഹലാണ്. കോളേജിനു ജീവനില്ലാത്ത ചില ഞായറാഴ്ചകളില്‍ ചാപ്പലിനു മുന്നിലൂടെ നടക്കുമ്പോള്‍ അനേകം പ്രണയിനിപ്രാവുകളുടെ അടക്കിപ്പിടിച്ച കുറുകല്‍ കേള്‍ക്കാം.

പ്രാവുകള്‍ക്ക് മാത്രമല്ല, യുസിയിലെ കമിതാക്കളുടെയും ഇഷ്ടസന്നിധാനമാണ് ചാപ്പല്‍. ക്ലാസ് കട്ട് ചെയ്ത് പൂട്ടിയിട്ട ചാപ്പലിനു മുന്നിലെ പടവുകളിരുന്ന് ചിലര്‍ സ്വര്‍ഗത്തിലേക്ക് പറന്നുയരാറുണ്ട്. പ്രിന്‍സിപ്പാളിന്‍റെ രൂപത്തില്‍ പോലും വന്നേക്കാവുന്ന സാത്താന്‍റെ കണ്ണ് വെട്ടിച്ച് സോളമന്‍റെ ഉത്തമഗീതം ആലപിക്കുവാന്‍ അത്യുന്നതങ്ങളില്‍ നിന്നും ദൈവം ഇവര്‍ക്കായി ഇറക്കിക്കൊടുത്ത മറയത്രേ ചാപ്പല്‍!

ക്രിസ്മസ് അടുക്കുമ്പോള്‍ യുസിയുടെ കിഴക്കും പടിഞ്ഞാറും നടുക്കുമുള്ള ലേഡീസ് ഹോസ്ററലുകളിലെ സുന്ദരിക്കൊച്ചുങ്ങള്‍ മാലാഖമാരുടെ വേഷത്തില്‍ ചാപ്പലിനുളളില്‍ 'കൊയറ്' പാടാനെത്തും. അപ്പോഴൊക്കെ ചാപ്പലില്‍ നിന്ന് ഒരു 'ലോങ്ങ് ഷോട്ടില്‍ ബി ബി സിയുടെ ഗേററിനപ്പുറത്തെ ഇരുളില്‍ അനേകം ജോഡി പിശാചിന്‍റെ കണ്ണുകള്‍ മാലാഖമാരെ നോക്കി നെടുവീര്‍പ്പിടും...!

ചാപ്പലിന്‍റെ മച്ച് പ്രാവുകള്‍ക്ക് മണിയറ ഒരുക്കാനുള്ളതാണ്. അതിന്‍റെ പടവുകള്‍ യുസിയിലെ ആണിനും പെണ്ണിനും പ്രണയിക്കാനുള്ളതും. പക്ഷേ, ചാപ്പലിനകം എന്തിനുള്ളതാണ്..? കര്‍ത്താവിനു മാത്രമറിയാം. നാളിതു വരെ യുസിയില്‍ പഠിച്ച ഒരുത്തനും അതിനുള്ളില്‍ കയറി പ്രാര്‍ഥിച്ചതായി പറഞ്ഞു പോലും കേട്ടിട്ടില്ല!

Friday 19 December 2008

നിഘണ്ടുവില്‍ ഇല്ലാത്ത വാക്ക്

എഴുപതുകളിലെ കഥയാണ്.

മധ്യകേരളത്തിലെ ഒരു കാമ്പസ്.
മുഖത്ത് മീശയുടെ ലക്ഷണം കാണിച്ചുതുടങ്ങിയ
പ്രീ ഡിഗ്രിക്കാരന്‍ പയ്യന്‍ പുതിയൊരു കവിതയെഴുതി.
കൊളേജ് മാഗസിനില്‍ പ്രസിദ്ധീകരിക്കും മുമ്പ്
തന്‍റെ മലയാളം അധ്യാപികയെ കവിത കാണിച്ചു.
അതിലെ 'മിഴിനാര്' എന്ന വാക്ക് അവര്‍ വെട്ടി;
പകരം 'മുടിനാര്' എന്നാക്കി.
മിഴിനാര് എന്ന വാക്ക് മലയാളത്തില്‍ ഇല്ലത്രേ...!

കവിയുടെ പേര് ബാലചന്ദ്രന്‍ ചുള്ളിക്കാട്.
കവിത; യാത്രാമൊഴി...!

പ്രീ ഡിഗ്രി കഴിഞ്ഞു . ചാരായം കുടിച്ചും ചങ്കില്‍ തറയ്ക്കുന്ന വാക്ക് വിതച്ചും യുവകവി അലഞ്ഞുനടന്നു. ഇതിനിടെ വീടും പഠിപ്പും ഭ്രമണപഥത്തില്‍ നിന്ന് ഒഴിഞ്ഞുപോയി. കവിയുടെ കഥയറിഞ്ഞ ഒരു നാട്ടുകാരന്‍ ഗുണദോഷിച്ചു: "ഇപ്പോള്‍ ഒപ്പമുള്ളവര്‍ എന്നും കാണില്ല. പഠിത്തം തുടരണം. യുസിയില്‍ ഡിഗ്രിക്ക് ചേരണം." അച്ഛനുമായി പിണങ്ങിനില്‍ക്കുന്നതിനാല്‍ കവിയുടെ രക്ഷിതാവായി നാട്ടുകാരന്‍ തന്നെ യുസിയില്‍ അവതരിച്ചു.

നല്ലവനായ ആ നാട്ടുകാരനും ഒരു അധ്യാപകനായിരുന്നു. യുസിയിലെ തന്നെ അധ്യാപകന്‍. മലയാളം വിദ്യാര്‍ഥികളുടെ എന്നത്തേയും പ്രിയപ്പെട്ട എ. ഗോപിനാഥന്‍ സാര്‍.

അങ്ങനെ, ഒരു ഗുരുനാഥയുടെ പിഴയ്ക്ക്, നാളുകള്‍ക്കു ശേഷം മറ്റൊരു ഗുരുനാഥന്‍ പ്രായശ്ചിത്തം ചെയ്തു!

(ചുള്ളിക്കാട് യുസിയിലും ഒതുങ്ങിയില്ല. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം യുസി വിട്ട് അദ്ദേഹം മഹാരാജാസിലേക്ക് പറന്നു പോയി. കാരണങ്ങള്‍ പലതുണ്ട്. അക്കഥ പിന്നാലെ.)

Tuesday 16 December 2008

മഹാഗണിതം


ക്ലാസ്സ് കട്ട് ചെയ്ത്‌ ക്യാമ്പസില്‍ 'തേരാപാരാ' നടക്കുന്നവരെ പിടികൂടാന്‍ തക്കം പാര്‍ത്തവരായിരുന്നു കഴിഞ്ഞ മൂന്നാല് ദശകങ്ങളായി യുസി കണ്ട ഏതാണ്ടെല്ലാ പ്രിന്‍സിപ്പല്‍മാരും. ഏത് സമയവും ചാടിവീണേക്കാവുന്ന (ചിലപ്പോള്‍ അലറിക്കൊണ്ടും ചിലപ്പോള്‍ സ്ത്രൈണമായ ശബ്ദത്തില്‍ 'മോനേ' എന്ന് വിളിച്ചും) ഇത്തരക്കാരെ വിശേഷിപ്പിക്കാന്‍ യുസിയിലെ ചില ബുദ്ധിയുള്ളവര്‍ ഒരു ഉപമ ഉപയോഗിച്ചിരുന്നു: "ഡെമോക്ലീസിന്‍റെ വാള്‍"!

യുസിയിലുണ്ടായിരുന്ന കാലത്തോളം മാജിക് കാണിച്ചു കുട്ടികളെ രസിപ്പിച്ചിരുന്ന നോണ്‍-ടീച്ചിംഗ് സ്റ്റാഫ് ആണ് ഫീലിപ്പോസ് ചേട്ടന്‍. ഹോളണ്ട്‌ ഹോസ്ടലിനപ്പുറത്തെ കുടുസുമുറിയില്‍ 'നൂറ്റാണ്ടു'കളോളം പാര്‍ത്ത (എല്ലാ മാജിക്കുകാരെയും പോലെ അദ്ദേഹത്തിനും ഒരു മിസ്റ്റിക് സ്വഭാവമുണ്ട്) അദ്ദേഹത്തിന്‍റെ കയ്യില്‍ ഒരു കറുത്ത പെട്ടി ഉണ്ടായിരുന്നു. ബലൂണ്‍ മുതല്‍ ബ്രാ വരെ മാജിക്കിന് വേണ്ടതും വേണ്ടാത്തതുമായ സകലതും സൂക്ഷിക്കുന്ന ഗമണ്ടനൊരു പെട്ടി. 'ഇതിലില്ലാത്തത് മറ്റെവിടെയും കാണില്ല' എന്ന അദൃശ്യമായ ഒരു 'ടാഗ്' തൂക്കിയിട്ട ആ പെട്ടിയ്ക്ക് ചില കുട്ടികള്‍ രസകരമായ ഒരു പേരിട്ടു: 'പണ്ടോരയുടെ പെട്ടി'!

കാന്‍റീനിനോട് ചേര്‍ന്നുള്ള ആണുങ്ങളുടെ മൂത്രപ്പുര നാറ്റത്തിനു പണ്ടേ ഫെയ്മസാണ്. എത്ര കഴുകിയാലും വൃത്തിയാകാത്ത അതിനെ ചില അസൂയാലുക്കള്‍ പണ്ടു മുതലേ 'ഈജിയന്‍ തൊഴുത്ത്' എന്ന് വിളിച്ചുപോന്നു.

എന്നാല്‍, ഇതൊന്നുമല്ലാത്ത പുതിയൊരു ഐറ്റം ഇന്നാളൊരൂസം യുസിയില് പോയപ്പോ കേള്ക്വേം കാണ്വേം ചെയ്തു: 'രാമചന്ദ്രന്‍റെ മണി'!

പണ്ട്, പുണ്യപുരാണകഥകള് ദൂരദര്ശനില് 'ലൈവ്' നടക്കുന്ന കാലത്ത് യുസിയില്‍ വിളങ്ങിനിന്നിരുന്ന 'ലേഡീസ് വെയ്ററിംഗ്ഷെഡ്ഡില്' മുന്നിലാണ്‌ ഈ അവതാരം നെഞ്ചും വിരിച്ചു നിക്കണത്. രണ്ടാം ലോകമഹായുദ്ധതതില് മരിച്ച പട്ടാളക്കാരുടെ സ്മരണയ്ക്ക് പണിത വാര്‍ മേമ്മോറിയല്കള് പോലെ ആ പരിപാവനമായ ഷെഡ്ഡില് ആത്മസംഘട്ടനം മുട്ടി മരിച്ച പാവം പെണ്ണുങ്ങളുടെ ഓര്‍മ്മയ്ക്കായി ശില്പി രാമചന്ദ്രന്‍ നിര്‍മിച്ച ഈ കുന്ദ്രാണ്ടതതില്‍ മനുഷ്യനു കണ്ടാ മനസ്സിലാകുന്ന ഒരൊററ സാധനമേയുള്ളൂ: മണി. അതായത്, കോളേജ് തുടങ്ങിയ കാലത്ത് അന്നത്തെ കുട്ടികളുടെ ( 1921 ല്‍ പഠിച്ചിരുന്നവരെ 'കുട്ടികള്‍' എന്ന് തെകച്ചു വിളിക്കാന്‍ പാട്വോ എന്തോ...?) നെഞ്ച് പിളര്ക്കുമാറുച്ചതതില്‍ അടിക്കാനുപയോഗിച്ചിരുന്ന ഓട്ടുമണി. അങ്ങനെയാണ് ഈ ശില്പതതിന് 'രാമചന്ദ്രന്‍റെ മണി' എന്ന പേരു കിട്ടിയത്. വര്‍ഷങ്ങളായി നിലനിന്നു പോന്ന 'യൂസിക്കാര് മണി കെട്ടും' എന്ന ദാര്ശനികസമസ്യയ്ക്കും അതോടെ ഉത്തരമായി.

ശരിക്കും ഈ ശില്പതതിന്‍റെ പേര് വേറൊന്നാണ്‌. യൂസീല് പണ്ടു കണക്കു പഠിച്ച്, ഇന്നും കണക്കു കൂട്ടി ഉപജീവനം നടത്തുന്ന ഏത് വരാഹമിഹിരനും മനസ്സു കൊണ്ട് കണക്കിനെ തള്ളിപ്പറഞ്ഞുപോകുന്ന ഒരു പേര്: മഹാഗണിതം. ക്ഷേത്രഗണിതതെത ജ്യാമിതീയരൂപങ്ങളില്‍ ബീജാവാപം ചെയ്ത് യവനസങ്കല്‍പ്പങ്ങള്‍ക്ക് അവതീര്‍ണമായി പ്രാന്ത വല്ക്കരിച്ചിരിക്കുകയാണത്രേ ഈ ശില്പതതില്‍...!

പിന്നെ, അമ്മയെ തല്ലിയാലും അമ്മയാണെ രണ്ടു പക്ഷം പിടിക്കുന്നവരാണല്ലോ മലയാളികള്‍. അങ്ങനെ നോക്കുമ്പോള്‍ മഹാഗണിതത്തിനുമുണ്ട് ഏറെ ആരാധകര്‍. മഹാഗണിതതതില് മൈക്കലാന്ചലോയുടെ കരസ്പശമുണ്ടെന്നുവരെ ഇവരില്‍ ചില തീവ്രവാദികള്‍ വാദിച്ചുകളയും!

ബുദ്ധി പണ്ടേ ഇല്ലാത്തതു കൊണ്ടായിരിക്കും എനിക്ക് ഇതു കണ്ടപ്പോ ഒരു മാങ്ങാത്തൊലിയും (കോട്ടയംകാരന്‍റെ ഭാഷയില് പറഞ്ഞാല്‍ ഒരു 'വാഴയ്ക്കായും') മനസ്സിലായില്ല. ഒള്ള കാര്യം പറഞ്ഞാ ഈ ശില്പം കണ്ടപ്പോ പച്ചമലയാളത്തില് ദിങ്ങനൊരു ചോദ്യമാണ് ആദ്യം വായില് വന്നത്: ദെന്തൂട്ടണ്....?

'പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്ന്' കവി വിളിച്ച പോലെ 'മനസ്സിലാകാത്തതും, എന്നാല്‍ മഹത്തരവുമായ' (മനസ്സിലാകാത്തത് എങ്ങനെ മഹത്തരമാകുമെന്ന് മലയാളിയോട് ചോദിക്കരുത്) എന്തിനേയും യുസിക്കാര്‍ക്ക് ഇനി ധൈര്യമായി 'രാമചന്ദ്രന്‍റെ മണി' എന്ന് വിളിക്കാം.

Monday 15 December 2008

യു പി ബ്ലോക്കിലെ പടികള്‍




ഈ പടികളുടെ മൂട്ടില്‍ നിന്ന്‌ മോളിലോട്ട് നോക്കി വായും പൊളിച്ചു നില്‍ക്കാത്ത ചോരയും 'സോ കോള്‍ഡ്' നീരുമുള്ള ആണ്‍കുട്ടികള്‍ യുസിയില്‍ കുറവായിരുന്നു. ബ്രിടീഷുകാര്‍ പണിത ഈ മരഗോവണി കയറി സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യം വെട്ടിപ്പിടിക്കുന്നത്‌ സ്വപ്നം കാണുകയായിരുന്നില്ല അവരാരും. ഫുള്‍ പാവാട മുതല്‍ മുകളിലോട്ടുള്ള (മിഡി, മിനി തുടങ്ങിയ കാല്‍പനിക സുന്ദര പടപ്പുകള്‍) ഉടുപ്പിട്ട ഏതൊരു ക്ടാവും പടിയിറങ്ങിവരുന്നത് കാണാന്‍ ചങ്ക് പൊട്ടി നിന്നവര്‍.

മോളിലോട്ട് നോക്കാന്‍ എല്ലാവനും അവനവന്‍റേതായ നാനൂറ്റമ്പത്താറ് കാരണങ്ങള്‍ കാണും. പെണ്‍കുട്ടികള്‍ ഇറങ്ങിവരുന്ന താപ്പിന് ഒരു പണിയുമില്ലാതെ ഒപ്പം നിക്കുന്ന കൂട്ടുകാരനെ മുകളിലോട്ട് വിട്ട് അവനെ താഴെ നിന്ന്‌ വിളിക്കുക എന്നതായിരുന്നു അതില്‍ ഒരു പ്രധാന നമ്പര്‍.

ചുരിദാറ് കണ്ടുപിടിച്ചവനെ നിറുകം തലയ്ക്കടിച്ചു ശപിക്കാത്ത ഒരു പകല് പോലും അക്കാലത്ത് യുസിയിലൂടെ കടന്നു പോയിരുന്നില്ല.

എഫ്ഫര്‍വെസ്സന്‍സ് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ കെമിസ്ട്രി ലാബിലെ ടെസ്റ്റ് ട്യൂബില്‍ നിന്നുയരുന്ന 'ശൂ...ശൂ...' ശബ്ദം മനസ്സിലെത്തുന്നത്‌ പോലെ 'ഓംബുഡ്സ്മാന്‍' എന്ന വാക്കു കേട്ടാല്‍ ഇന്നും യു പി യിലെ ആ മരഗോവണി ഓര്‍ക്കും. കോട്ടിട്ട ഒരു തടിയന്‍ അതിന്‍റെ ഒത്ത മുകളില്‍ നിന്ന് താഴേക്ക്‌ 'ചടുപുടു' വീഴുന്ന ശബ്ദമാണത്രേ ഓംബുഡ്സ്മാന്‍!

കെമിസ്ട്രി ലാബ്

"ഇന്ത്യ എന്‍റെ രാജ്യമാണ്..." എന്ന് തുടങ്ങുന്ന പ്രതിജ്ഞ ഉസ്കൂളീ പഠിക്കുമ്പ ദിവസവും ചൊല്ലണമായിരുന്നു. എസ് എസ് എല്‍ സി വരെ തല കുത്തി നിന്നിട്ടും അതൊന്നു മുഴുവനായും ബേജാറില്ലാതെ ഇംഗ്ലീഷില് പറയാന്‍ പറ്റിയില്ല.

എന്നാല്‍, യുസിയില് പ്രീ ഡിഗ്രിക്ക് ചേര്‍ന്നപ്പോ അതിനെക്കാളും കടുകട്ടി ഒരു ഐററം വെള്ളം പോലെ പഠിക്കേണ്ടി വന്നു. കെമിസ്ട്രി ലാബിന്‍റെ ബൈബിളില്‍ നിന്നെടുത്ത ആ വാചകം ഏതാണ്ട് ഇങ്ങനെയായിരുന്നു: " ബ്രിസ്ക് എഫെര്‍വെസന്‍സ് വിത്ത് എ കളര്‍ലെസ് ഒഡര്‍ലെസ് ഗ്യാസ്‌ ഇസ് ഫോംഡ് ...." ഇനീം ഇണ്ട്‌ കൊറേ. ഇതു ചൊല്ലിപ്പഠിക്കുക എന്നതായിരുന്നു സയന്‍സ് ഗ്രൂപ്പ് എടുക്കാന്‍ വിധിക്കപ്പെട്ട ഏതൊരു പ്രീ ഡിഗ്രിക്കാരന്‍റെയും മൌലികധര്‍മങ്ങളിലൊന്ന്. ചൊല്ലിക്കേള്പ്പിച്ചാ മാത്രം പോരാ ഇതു വച്ച്‌ സോലുഷന്‍-എ എന്നും സോലുഷന്-ബി എന്നും കെമിസ്ട്രി ലോകത്തില്‍ അറിയപ്പെടുന്ന വസ്തുവഹകള്‍ കണ്ടുപിടിക്കുകയും വേണം. പോരാത്തതിന് മര്യാദക്ക് ചോല്ലിക്കെപ്പിചില്ലെങ്കില് ലോപ്പസ് എന്ന് പറയുന്ന ഒരു ഭയങ്കരന്‍ മാഷ് പ്രാക്ററിക്കല് റെക്കോഡ് ബുക്ക് ഒന്നടങ്കം വലിച്ചു കീറുമെന്ന കലക്കന്‍ ഭീഷണിയുമുണ്ട്.

നൂറോടിയ പഴയൊരു മലയാളം നാടകത്തിലെ ഒരു ഹിറ്റ് ഡയലോഗുണ്ട്: "അവളെ കൂട്ടിക്കൊടുത്ത പോലീസുകാരന് പട്ടും വളയും കിട്ടി. അവളെ ഭോഗിച്ച രാഷ്ട്രീയക്കാരന് സ്ഥാനക്കയറ്റം കിട്ടി. അവളെ പ്രണയിച്ച എനിക്കെന്തു കിട്ടി...?" അമോണിയയുടെയും ഹൈഡ്റജന്‍ സള്‍ഫൈഡിന്‍റെയും പൊരിഞ്ഞ നാറ്റം സഹിച്ച്‌ ആരാണ്ടിന്‍റമ്മേടെ സോലുഷന്‍-യും സോലുഷന്-ബിയും കണ്ടുപിടിച്ച എനിക്കെന്തു കിട്ടി? കെമിസ്ട്രിക്ക് 50 ല്‍ 17 .....!

Sunday 14 December 2008

ഗാന്ധി നട്ട മാവ്

"കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിലും പൂ വരും കായ് വരും...."

ഉവ്വ...കാലമിനിയുമെത്ര ഉരുണ്ടാലും യുസിയിനിയുമെത്ര ഓണമുണ്ടാലും ഇവിടെയൊരാള്‍ക്ക് ഓരോ തളിരിലും പൂവും വരില്ല കായും വരില്ല. 1925 ല്‍ തുടങ്ങിയ നില്പാണ്. ആ കാലത്ത് ഒട്ടുമാവ് എന്ന 'മുണ്ടനെ' ബ്രിട്ടീഷുകാരോ നാട്ടുകാരോ കണ്ടുപിടിച്ചിട്ടുണ്ടോ എന്നറിയില്ല. എന്തായാലും സംഭവം വളര്‍ന്നുവന്നപ്പോ (ഈ വളര്‍ച്ച എന്ന് പറേണ സംഗതി ഐന്‍സ്ററീന്‍ പറഞ്ഞ മാതിരി ആപേക്ഷികമാണെന്ന് ഈ മാവ് കണ്ടാല്‍ തിരിയും) ഒട്ടുമാവോളമേ എത്തിയുള്ളൂ.

ദോഷം പറയരുതല്ലോ. ഒന്നരാടം വര്‍ഷം കൂടുമ്പോള്‍ പഴയതൊക്കെ മറന്ന് ഇദ്ദേഹം കൃത്യമായി പൂവിടും. ഗാന്ധിക്ക് നിരക്കുന്നതും നിരക്കാത്തതുമായ ഒരുപാടു ബന്ധങ്ങള്‍ ദിവസവും വളര്ന്നു പുഷ്പിക്കുന്ന ഒരു കലാലത്തിനു കൂട്ട് നില്‍ക്കുമ്പോള്‍ ഹൃദയമുള്ള എതോരുവനാണ് ഒന്നു പൂത്തുലയാത്തത്...? പക്ഷെ, സങ്ങതിയങ്ങനെ കൊഴുത്തുവരുമ്പോഴേക്കും 35 m.m ഫ്ലാഷ്ബാക്കില്‍ സ്വാതന്ത്ര്യസമരം തെളിയും. നിസ്സഹകരണപ്രസ്ഥാനത്തിനായി മനസ്സു ദാഹിക്കും. നിരാഹാരത്തിനായി ശരീരം കൊതിക്കും. അങ്ങനെ സുന്ദരമായ ആ ഗര്‍ഭവും അലസിപ്പോകും!

അമിതാഭ് ബച്ചന്‍ പറഞ്ഞ പോലെ 'രിശ്തെ മേം ഹം തുമാരെ ബാപ് ഹോതാ ഹേ' ആണെന്കിലും കുട്ടികളുമായുള്ള 'ടേംസ്' വച്ചു നോക്കുമ്പോള്‍ ഗാന്ധി നട്ട മാവ് സഹോദരനാണ്, എന്തും പറയാവുന്ന കൂട്ടുകാരനാണ്, യുസിയില് കിട്ടാവുന്ന ഏറ്റവും നല്ല പന്കാളിയാണ്. മനസ്സില്‍ ഇച്ചിരി ഗൌരവമുന്ടെന്കിലും ശരീരം കൊണ്ടു പ്രേം നസീര്‍; നിത്യഹരിതനായകന്‍. നായികമാര്‍ ഒരുപാട്‌ കടന്നുപോയി. തലയില് വല്യ വല്യ ഉണ്ടകള്‍ ഉരുട്ടിവച്ച ലോക്കല് ഷീലമാര്‍ തുടങ്ങി സാക്ഷാല്‍ മീരാ ജാസ്മിന്‍ വരെ (സംഗതി സത്യമാണ്. മീരാ ജാസ്മിന്‍ കുറച്ചു കാലം യുസിയില് പഠിച്ചിട്ടുണ്ട്). ഇദ്ദേഹത്തിന് അപ്പ്രോം ഇപ്പ്രോം
താങ്ങായി നില്ക്കാന്‍ ഇന്നും പുത്തന്‍ നായികമാര്‍ വന്നുകൊണ്ടിരിക്കുന്നു.

ഇതൊക്കെ കണ്ട്‌ അസൂയ മൂത്ത വേണു നാഗവള്ളിമാര്‍ കുറച്ചപ്പുറം മാറിനിന്ന് നൈരാശ്യത്തിന്‍റെ വരികള്‍ കുറിക്കുന്നുണ്ടാകും.

കച്ചേരിമാളിക മാത്രമല്ല, അതിന് മുമ്പിലുള്ള ഈ മാവും ചരിത്രസ്മാരകം തന്നെ. ഗാന്ധിജി കേരളത്തിലെ ഏതെങ്കിലും ഒരു കലാലയത്തില് മാവ് നടുന്നത് നടാടെയാണ്. വെറുതെ മാവോരെണ്ണം നടുക മാത്രമല്ല, യുസിയിലെ സന്ദര്‍ശകഡയറിയില്‍ ഇങ്ങനെയൊരു വരി കുറിച്ചുവയ്ക്കുകയും ചെയ്തു; "Delighted with the ideal situation..."

പഠിച്ചു പോകുന്നവര്‍ക്കുള്ള യുസിയുടെ ഒസ്യത്താണ് ഈ വരികള്‍. ആ മഹാത്മാവ് (യുസിയില്‍ മാവ് നട്ട ശേഷമാണത്രേ ടാഗോര്‍ അദ്ദേഹത്തെ 'മഹാത്മാവ്' എന്ന് വിളിച്ചത്) യുസിയില്‍ നട്ട മാവിന്‍റെയും വാക്കുകളുടെയും സുഗന്ധം പടിയിറങ്ങുന്ന ഓരോരുത്തരും കൃത്യമായി വീതിച്ചെടുക്കുന്നു.

Thursday 4 December 2008

ബദറ് എന്ന മാമ



നേരം തെറ്റിയൊരു നേരത്ത് സ്കിന്നറിനും ലൈബ്രറിക്കുമിടയില്‍ "പേ...പേ...." എന്ന് ഉച്ചത്തിലൊരു ഹോണടി കേട്ടാല്‍ ഉറപ്പിക്കാം അവന്‍ എത്തിയിട്ടുണ്ട്. ആണിന് സൈഡ് കൊടുത്തും പെണ്ണിന് സൈഡ് കൊടുക്കാതെയും നെട്ടോട്ടമോടുന്ന വണ്ടിയാണ് അവന്‍റേത്. വണ്ടിയുടെയും അതോടിക്കുന്ന ഡ്രൈവറിന്‍റേയും പേര് ഒന്നു തന്നെ: ബദറ്.

പോലീസുകാരനെ കുരങ്ങാന്നും കുരങ്ങനെ പോലീസുകാരാന്നും വിളിക്കാമോ എന്നൊന്നും ബദറിന് അറിയില്ല. പക്ഷേ, പ്രിന്‍സിപ്പാളിനെ 'മാമാ' എന്നു വിളിക്കാന്‍ ബദറിന് രണ്ടാം വട്ടം ആലോചിക്കേണ്ടതില്ല. പ്രിന്‍സിപ്പാളിനെ മാത്രമല്ല, മിനിഞ്ഞാന്ന് ഫസ്റ്റ് ഡി സിക്ക് ചേര്‍ന്ന മൂക്ലാഞ്ചി പയ്യനെ വരെ ബദര്‍ സ്നേഹത്തോടെ 'മാമാ' എന്ന് വിളിക്കും. എല്ലാ മനുഷ്യരും ബദറിന്‍റെ കണ്ണില്‍ ഒരുപോലെ.

യുസിയെ സംബന്ധിച്ച് 90 മോഡല്‍ വണ്ടിയാകുന്നു ബദര്‍. അതിന് മുമ്പും അവനുണ്ട്. കൃത്യം പറഞ്ഞാല്‍ 1976 മുതല്‍. പക്ഷേ, 90 കള്‍ മുതലാണ് സ്വയം ചുമക്കുന്ന വണ്ടിയുമായി അവന്‍ കാമ്പസില്‍ കയറിത്തുടങ്ങിയത്‌. അതിനാല്‍, 90കള്‍ ക്ക് മുമ്പ് പഠിച്ചവര്‍ ബദറിനെ കണ്ടുകാണില്ല.

ചിലര്‍ക്ക് നേരംകൊല്ലിയും ചിലര്‍ക്ക് മാനം കൊല്ലിയുമൊക്കെ ആണെങ്കിലും ബദര്‍ ഇന്ന് യുസിയുടെ ഒരു അവയവമാണ്.

ടാക്സി ഡ്രൈവറായ സൈദാലിക്കയുടെ രണ്ട് ആണ്മക്കളില്‍ ഇളയവനാണ് ബദര്‍. മൂത്തയാള്‍ ബഷീര്‍. വയസ്സ് 40. ബദറിനു യുസിയെന്ന പോലെ ബഷീറിന്‍റെ ലോകം പാട്ടുകളാണ്. പാട്ടുകള്‍ മാത്രം! അടുത്ത ബന്ധുവിനെ വിവാഹം ചെയ്തതുമൂലമാകാം മനസ് കൊണ്ട് ഒരിക്കലും വളരാത്ത രണ്ട് മക്കള്‍ സൈദലിക്കയ്ക്ക് ജനിച്ചത്‌. വെളിച്ചക്കുറവുളള മക്കളെ പോറ്റാന്‍ ഈ ഇരുട്ടുകാലത്തും സൈദാലിക്ക പണിയെടുക്കുന്നു.

Monday 1 December 2008

യൂസിയിലെ വേരുകള്‍



'ആസനത്തില്‍ ആല് മുളച്ചാല്‍' എന്ന പ്രയോഗത്തിന് യൂസിയില് പ്രസക്തിയില്ല. ഇവിടെ ആസനത്തില് വേരല്ല, വേരില്‍ ആസനങ്ങളാണ് മുളക്കാറ്‌.
മഹാഗണിയുടെവേരില്‍ മുളച്ച എത്രയെത്ര ആസനങ്ങളാണ് ഇന്ന് 'അല്ലന്‍ സോളി'യുടെ പാന്‍റില്പൊതിഞ്ഞ് ബഹുരാഷ്ട്ര കമ്പനികളില് പണിയെടുക്കുന്നത്.

രാവിലെ കോളേജില് വന്നാല്‍ മെയിന്‍ ഗേറ്റിനു മുന്നിലെ വേരില്‍ സ്ഥലം പിടിക്കുകഎന്നതായിരുന്നു ഒരുകാലത്ത് കര്‍ത്തവ്യബോധമുള്ള ചുള്ളന്മാരുടെ ആദ്യജോലി. കയ്യൂക്കും നാക്കുമനുസരിച്ച് ചിലര്‍ക്ക് മുന്നിലെ വേര് കിട്ടുമ്പോള്‍ മറ്റുള്ളവര്‍പാപ്പരായി ബി ബി സിയിലെയും വി എം എച്ചിന് മുന്നിലെയും വേരുകളില്‍ ആസനംസ്ഥാപിക്കും.

'ആസന സംസ്ഥാപനാര്‍ത്ഥായ
സംഭവാമി യുഗേ യുഗേ ' എന്നാണല്ലോ.
അതായത്, ആസനം വേരില്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ മാത്രമേ യുഗങ്ങളായി നടന്നു വരുന്ന പഞ്ചാരടി എന്ന സംഭവത്തിന്ഒരു ഇത് വരൂ എന്ന് ശാസ്ത്രം. ഇവിടുത്തെ വേരിലിരുന്നാണ് പെണ്‍ക്ടാങ്ങളെ നോക്കി കാളിദാസനെയും വെല്ലുന്നവര്‍ണനകള്‍ ചുള്ളന്മാര്‍ നടത്തിയിരുന്നത്.

യൂസിയിലെ വേരിലിരുന്നതിന്‍റെ ഓര്‍മയില്‍ ലോകപ്രശസ്ത മഹാനും യു.സി. പൂര്‍വവിദ്യാര്‍ത്ഥിയുമായ സാക്ഷാല്‍മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഒരു നോവല് തന്നെ കാച്ചി: "വേരുകള്‍".

അതൊക്കെ ഒരു കാലം. ഇപ്പോ വേരിലിരിക്കുന്ന ആസനങ്ങളെ പ്രിന്‍സിപ്പാല് പിടികൂടി (അയ്യേ...!) ചുട്ടി കുത്തിവിടുമെന്നാണ് കേക്കണത്...!