Friday 19 December 2008

നിഘണ്ടുവില്‍ ഇല്ലാത്ത വാക്ക്

എഴുപതുകളിലെ കഥയാണ്.

മധ്യകേരളത്തിലെ ഒരു കാമ്പസ്.
മുഖത്ത് മീശയുടെ ലക്ഷണം കാണിച്ചുതുടങ്ങിയ
പ്രീ ഡിഗ്രിക്കാരന്‍ പയ്യന്‍ പുതിയൊരു കവിതയെഴുതി.
കൊളേജ് മാഗസിനില്‍ പ്രസിദ്ധീകരിക്കും മുമ്പ്
തന്‍റെ മലയാളം അധ്യാപികയെ കവിത കാണിച്ചു.
അതിലെ 'മിഴിനാര്' എന്ന വാക്ക് അവര്‍ വെട്ടി;
പകരം 'മുടിനാര്' എന്നാക്കി.
മിഴിനാര് എന്ന വാക്ക് മലയാളത്തില്‍ ഇല്ലത്രേ...!

കവിയുടെ പേര് ബാലചന്ദ്രന്‍ ചുള്ളിക്കാട്.
കവിത; യാത്രാമൊഴി...!

പ്രീ ഡിഗ്രി കഴിഞ്ഞു . ചാരായം കുടിച്ചും ചങ്കില്‍ തറയ്ക്കുന്ന വാക്ക് വിതച്ചും യുവകവി അലഞ്ഞുനടന്നു. ഇതിനിടെ വീടും പഠിപ്പും ഭ്രമണപഥത്തില്‍ നിന്ന് ഒഴിഞ്ഞുപോയി. കവിയുടെ കഥയറിഞ്ഞ ഒരു നാട്ടുകാരന്‍ ഗുണദോഷിച്ചു: "ഇപ്പോള്‍ ഒപ്പമുള്ളവര്‍ എന്നും കാണില്ല. പഠിത്തം തുടരണം. യുസിയില്‍ ഡിഗ്രിക്ക് ചേരണം." അച്ഛനുമായി പിണങ്ങിനില്‍ക്കുന്നതിനാല്‍ കവിയുടെ രക്ഷിതാവായി നാട്ടുകാരന്‍ തന്നെ യുസിയില്‍ അവതരിച്ചു.

നല്ലവനായ ആ നാട്ടുകാരനും ഒരു അധ്യാപകനായിരുന്നു. യുസിയിലെ തന്നെ അധ്യാപകന്‍. മലയാളം വിദ്യാര്‍ഥികളുടെ എന്നത്തേയും പ്രിയപ്പെട്ട എ. ഗോപിനാഥന്‍ സാര്‍.

അങ്ങനെ, ഒരു ഗുരുനാഥയുടെ പിഴയ്ക്ക്, നാളുകള്‍ക്കു ശേഷം മറ്റൊരു ഗുരുനാഥന്‍ പ്രായശ്ചിത്തം ചെയ്തു!

(ചുള്ളിക്കാട് യുസിയിലും ഒതുങ്ങിയില്ല. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം യുസി വിട്ട് അദ്ദേഹം മഹാരാജാസിലേക്ക് പറന്നു പോയി. കാരണങ്ങള്‍ പലതുണ്ട്. അക്കഥ പിന്നാലെ.)

No comments: