Tuesday 16 December 2008

മഹാഗണിതം


ക്ലാസ്സ് കട്ട് ചെയ്ത്‌ ക്യാമ്പസില്‍ 'തേരാപാരാ' നടക്കുന്നവരെ പിടികൂടാന്‍ തക്കം പാര്‍ത്തവരായിരുന്നു കഴിഞ്ഞ മൂന്നാല് ദശകങ്ങളായി യുസി കണ്ട ഏതാണ്ടെല്ലാ പ്രിന്‍സിപ്പല്‍മാരും. ഏത് സമയവും ചാടിവീണേക്കാവുന്ന (ചിലപ്പോള്‍ അലറിക്കൊണ്ടും ചിലപ്പോള്‍ സ്ത്രൈണമായ ശബ്ദത്തില്‍ 'മോനേ' എന്ന് വിളിച്ചും) ഇത്തരക്കാരെ വിശേഷിപ്പിക്കാന്‍ യുസിയിലെ ചില ബുദ്ധിയുള്ളവര്‍ ഒരു ഉപമ ഉപയോഗിച്ചിരുന്നു: "ഡെമോക്ലീസിന്‍റെ വാള്‍"!

യുസിയിലുണ്ടായിരുന്ന കാലത്തോളം മാജിക് കാണിച്ചു കുട്ടികളെ രസിപ്പിച്ചിരുന്ന നോണ്‍-ടീച്ചിംഗ് സ്റ്റാഫ് ആണ് ഫീലിപ്പോസ് ചേട്ടന്‍. ഹോളണ്ട്‌ ഹോസ്ടലിനപ്പുറത്തെ കുടുസുമുറിയില്‍ 'നൂറ്റാണ്ടു'കളോളം പാര്‍ത്ത (എല്ലാ മാജിക്കുകാരെയും പോലെ അദ്ദേഹത്തിനും ഒരു മിസ്റ്റിക് സ്വഭാവമുണ്ട്) അദ്ദേഹത്തിന്‍റെ കയ്യില്‍ ഒരു കറുത്ത പെട്ടി ഉണ്ടായിരുന്നു. ബലൂണ്‍ മുതല്‍ ബ്രാ വരെ മാജിക്കിന് വേണ്ടതും വേണ്ടാത്തതുമായ സകലതും സൂക്ഷിക്കുന്ന ഗമണ്ടനൊരു പെട്ടി. 'ഇതിലില്ലാത്തത് മറ്റെവിടെയും കാണില്ല' എന്ന അദൃശ്യമായ ഒരു 'ടാഗ്' തൂക്കിയിട്ട ആ പെട്ടിയ്ക്ക് ചില കുട്ടികള്‍ രസകരമായ ഒരു പേരിട്ടു: 'പണ്ടോരയുടെ പെട്ടി'!

കാന്‍റീനിനോട് ചേര്‍ന്നുള്ള ആണുങ്ങളുടെ മൂത്രപ്പുര നാറ്റത്തിനു പണ്ടേ ഫെയ്മസാണ്. എത്ര കഴുകിയാലും വൃത്തിയാകാത്ത അതിനെ ചില അസൂയാലുക്കള്‍ പണ്ടു മുതലേ 'ഈജിയന്‍ തൊഴുത്ത്' എന്ന് വിളിച്ചുപോന്നു.

എന്നാല്‍, ഇതൊന്നുമല്ലാത്ത പുതിയൊരു ഐറ്റം ഇന്നാളൊരൂസം യുസിയില് പോയപ്പോ കേള്ക്വേം കാണ്വേം ചെയ്തു: 'രാമചന്ദ്രന്‍റെ മണി'!

പണ്ട്, പുണ്യപുരാണകഥകള് ദൂരദര്ശനില് 'ലൈവ്' നടക്കുന്ന കാലത്ത് യുസിയില്‍ വിളങ്ങിനിന്നിരുന്ന 'ലേഡീസ് വെയ്ററിംഗ്ഷെഡ്ഡില്' മുന്നിലാണ്‌ ഈ അവതാരം നെഞ്ചും വിരിച്ചു നിക്കണത്. രണ്ടാം ലോകമഹായുദ്ധതതില് മരിച്ച പട്ടാളക്കാരുടെ സ്മരണയ്ക്ക് പണിത വാര്‍ മേമ്മോറിയല്കള് പോലെ ആ പരിപാവനമായ ഷെഡ്ഡില് ആത്മസംഘട്ടനം മുട്ടി മരിച്ച പാവം പെണ്ണുങ്ങളുടെ ഓര്‍മ്മയ്ക്കായി ശില്പി രാമചന്ദ്രന്‍ നിര്‍മിച്ച ഈ കുന്ദ്രാണ്ടതതില്‍ മനുഷ്യനു കണ്ടാ മനസ്സിലാകുന്ന ഒരൊററ സാധനമേയുള്ളൂ: മണി. അതായത്, കോളേജ് തുടങ്ങിയ കാലത്ത് അന്നത്തെ കുട്ടികളുടെ ( 1921 ല്‍ പഠിച്ചിരുന്നവരെ 'കുട്ടികള്‍' എന്ന് തെകച്ചു വിളിക്കാന്‍ പാട്വോ എന്തോ...?) നെഞ്ച് പിളര്ക്കുമാറുച്ചതതില്‍ അടിക്കാനുപയോഗിച്ചിരുന്ന ഓട്ടുമണി. അങ്ങനെയാണ് ഈ ശില്പതതിന് 'രാമചന്ദ്രന്‍റെ മണി' എന്ന പേരു കിട്ടിയത്. വര്‍ഷങ്ങളായി നിലനിന്നു പോന്ന 'യൂസിക്കാര് മണി കെട്ടും' എന്ന ദാര്ശനികസമസ്യയ്ക്കും അതോടെ ഉത്തരമായി.

ശരിക്കും ഈ ശില്പതതിന്‍റെ പേര് വേറൊന്നാണ്‌. യൂസീല് പണ്ടു കണക്കു പഠിച്ച്, ഇന്നും കണക്കു കൂട്ടി ഉപജീവനം നടത്തുന്ന ഏത് വരാഹമിഹിരനും മനസ്സു കൊണ്ട് കണക്കിനെ തള്ളിപ്പറഞ്ഞുപോകുന്ന ഒരു പേര്: മഹാഗണിതം. ക്ഷേത്രഗണിതതെത ജ്യാമിതീയരൂപങ്ങളില്‍ ബീജാവാപം ചെയ്ത് യവനസങ്കല്‍പ്പങ്ങള്‍ക്ക് അവതീര്‍ണമായി പ്രാന്ത വല്ക്കരിച്ചിരിക്കുകയാണത്രേ ഈ ശില്പതതില്‍...!

പിന്നെ, അമ്മയെ തല്ലിയാലും അമ്മയാണെ രണ്ടു പക്ഷം പിടിക്കുന്നവരാണല്ലോ മലയാളികള്‍. അങ്ങനെ നോക്കുമ്പോള്‍ മഹാഗണിതത്തിനുമുണ്ട് ഏറെ ആരാധകര്‍. മഹാഗണിതതതില് മൈക്കലാന്ചലോയുടെ കരസ്പശമുണ്ടെന്നുവരെ ഇവരില്‍ ചില തീവ്രവാദികള്‍ വാദിച്ചുകളയും!

ബുദ്ധി പണ്ടേ ഇല്ലാത്തതു കൊണ്ടായിരിക്കും എനിക്ക് ഇതു കണ്ടപ്പോ ഒരു മാങ്ങാത്തൊലിയും (കോട്ടയംകാരന്‍റെ ഭാഷയില് പറഞ്ഞാല്‍ ഒരു 'വാഴയ്ക്കായും') മനസ്സിലായില്ല. ഒള്ള കാര്യം പറഞ്ഞാ ഈ ശില്പം കണ്ടപ്പോ പച്ചമലയാളത്തില് ദിങ്ങനൊരു ചോദ്യമാണ് ആദ്യം വായില് വന്നത്: ദെന്തൂട്ടണ്....?

'പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്ന്' കവി വിളിച്ച പോലെ 'മനസ്സിലാകാത്തതും, എന്നാല്‍ മഹത്തരവുമായ' (മനസ്സിലാകാത്തത് എങ്ങനെ മഹത്തരമാകുമെന്ന് മലയാളിയോട് ചോദിക്കരുത്) എന്തിനേയും യുസിക്കാര്‍ക്ക് ഇനി ധൈര്യമായി 'രാമചന്ദ്രന്‍റെ മണി' എന്ന് വിളിക്കാം.

2 comments:

Anonymous said...

പണ്ട് ശ്രീനിവാസനോട് ഏതോ സിനിമയില്‍ "നീ ഈ പറഞ്ഞ വാക്കുകള്‍ ഒക്കെ ചേര്‍ത്ത് ഒരു കവിത പാടൂ" എന്ന് പറഞ്ഞത് പോലെ ഒരു സാധനം ... അതില്‍ കൂടുതല്‍ ഒന്നും ഈ ശില്പത്തിന് എടുത്തു പറയാനില്ല.

vibhishanon said...

പ്രിയയുസിയെന്‍മാരെ..ഞാനും79 രണ്ട്‌വര്ഷംതകര്‍ത്ത്ആടിയ ഓര്‍മ്മകള്‍ വീണ്ടും ഉണരുന്നു
ഫുട്ബോള്‍ ടീംഅംഗമായിരുന്ന എന്റെബൂട്സ്മോഷണംപോയി മാത്തന്‍സര്‍ പ്രന്‍സിപ്പല്‍ എല്ലാദിവസവും പ്രിന്‍സിപ്പല്‍റൂമില്‍ കയറി എന്റെബൂട്സ്എവിടെ എന്ന് ചോദിക്കുമായിരുന്നു പാവം സര്‍,എന്നോട്പറഞ്ഞത്നിങ്ങളുടെചിരിഎനിക്ക് വളരെ ഇഷ്ടമാണ് എന്ന് ഞാന്‍പറഞ്ഞു എല്ലാദിവസവും കുറച്ചുനേരംഇവിടെവന്ന് ചിരിക്കാം എന്ന്.അന്ന് നടന്നു
ഇന്നനെങ്ങിലോ......