Wednesday 14 January 2009

ലേഡീസ് വെയ്ററിംഗ് ഷെഡ്

1999- ലെ ലോകവന്യജീവിസംഘടന (WWF) യുടെ 'റെഡ് ഡേറ്റ ബുക്ക്' പ്രകാരം വംശനാശം വന്നുപോയ സ്വാഭാവിക ആവാസ വ്യവസ്ഥകളുടെ പട്ടികയില്‍ ഒന്നാമതാണ് യുസിയിലെ വെയ്ററിംഗ് ഷെഡ്. ഇവിടുത്തെ അറിയിപ്പുകള്‍ ഒരു വട്ടം പോലും വായിക്കാത്ത, ആ ദിവസങ്ങളിലെങ്കിലും ഇവിടുത്തെ ഡെസ്കിലൊന്ന് തല ചായ്ക്കാത്ത ഒരു പെണ്ണും 1999 വരെ യുസിയില്‍ പഠിച്ചിട്ടില്ല.

പഴയ ആലങ്ങാട് കച്ചേരിമാളികയുടെ മുഖത്തേക്കൊന്ന് പാളിനോക്കി ഒരു തനി വെളിയത്തുനാടുകാരിയെപ്പോലെ "എന്ത്യേയ്....." എന്ന് ചോദിക്കും മട്ടില്‍ നിലകൊണ്ട ലേഡീസ് വെയ്ററിംഗ് ഷെഡ് ഒരു കാലത്ത് യുസിയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു. ചിലരെ സംബന്ധിച്ചിടത്തോളം യുസിയുടെ sign board. അക്കാലത്ത് രണ്ടേ രണ്ടു തരം ആണ്കുട്ടികളേ യുസിയില്‍ പഠിച്ചിരുന്നുള്ളൂ. വെയ്ററിംഗ് ഷെഡ്ഡിലേക്ക് അറിഞ്ഞു കൊണ്ടു നോക്കുന്നവരും അറിയാതെ നോക്കിപ്പോകുന്നവരും...!

ആണ്‍കുട്ടികള്‍ക്ക് നാടന്‍ 'മൂത്രപ്പുര'. പെണ്‍കുട്ടികള്‍ക്ക് ഒന്നാന്തരം 'വെയ്ററിംഗ് ഷെഡ് '. ഒറ്റമുണ്ട് മാത്രമുടുത്ത ആണും ഒത്തിരി ഇതളുകളുള്ള സ്റ്റൈലന്‍ ഫ്രോക്കണിഞ്ഞ പെണ്ണും തമ്മിലുള്ള വ്യത്യാസം...! പേരിനൊരു പെങ്ങള്‍ പോലുമില്ലാത്ത എനിക്ക് എത്ര ആലോചിച്ചിട്ടും ഈ വിവേചനത്തിന്‍റെ പൊരുള്‍ പിടികിട്ടിയിരുന്നില്ല. പക്ഷേ, ഒരു കാര്യം സത്യമാണ്. എത്ര വില്‍സ് വലിച്ചാലും ആണ്‍കുട്ടികള്‍ക്ക് കിട്ടാത്ത ഒരു ചാരിതാര്‍ത്ഥ്യം ഈ വെയ്ററിംഗ് ഷെഡ്ഡില്‍ അല്‍പനേരം റെസ്ററ് എടുത്തു വരുന്ന പെണ്ണിന്‍റെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.

ശരിക്കും 'ലേഡീസ് റെസ്ററിംഗ് ഷെഡ്' എന്നായിരുന്നു ഇതിന് പേരിടെണ്ടിയിരുന്നത്. പക്ഷേ, കായകാന്തിയേറും കാമുകനെ കാലത്തു മുതല്‍ കാത്തുനില്‍ക്കുന്ന കാമിനിമാരുടെ 'വെയ്ററിംഗ് സ്പിരിറ്റ് ' എങ്ങനെ കണ്ടില്ലെന്നു നടിക്കും...? അങ്ങനെ നോക്കുമ്പോള്‍ 'വെയ്ററിംഗ് ഷെഡ് ' എന്ന പേര് ഒരേ സമയം യഥാതഥവും കാല്പനികവുമാണ്.

'ധിരോദാത്തനതിപ്രതാപഗുണവാന്‍ .....' എന്നിങ്ങനെ സംസ്കൃതനാടകങ്ങളിലെ നായകലക്ഷണം പറയും പോലെ വെയ്ററിംഗ് ഷെഡ്ഡിനു പുറത്ത് പെണ്‍കുട്ടികള്‍ക്കൊപ്പം മുട്ടിയുരുമ്മിയിരിക്കുക എന്നത് ഒരുകാലത്ത് യുസിയിലെ പുരുഷ ലക്ഷണങ്ങളിലോന്നായി കണക്കാക്കിയിരുന്നു. പറഞ്ഞുവന്നത് പകുതിക്ക് നിര്‍ത്തി വെയ്ററിംഗ് ഷെഡ്ഡിലേക്ക് കയറിപ്പോകുന്ന സുന്ദരി മടങ്ങി വരാന്‍ കാത്തു നിന്ന ചില അവന്മാര്‍ എല്ലാറ്റിനും മൂകസാക്ഷിയായ ആ മഹാഗണിച്ചുവട്ടില്‍ നിന്ന് എന്തെല്ലാം രംഗങ്ങള്‍ ഭാവനയില്‍ കണ്ടിരിക്കും....!

ഇതിനകത്തും പുറത്തുമായി പിറവിയെടുതിട്ടുള്ള പ്രണയങ്ങള്‍ക്ക് കയ്യും കണക്കുമില്ല. സെക്കന്‍റ് ഡിസിയിലെ ശ്രീജയോട് തേര്‍ഡ് ഡി സിയിലെ സുരേഷ് തിളച്ചു മറിയുന്ന തന്‍റെ പ്രണയം വെളിപ്പെടുത്തിയത് ഒരു ഉച്ചചൂടിലാണ്. എന്നാല്‍, അതുകേട്ട ശ്രീജയ്ക്ക് ചുമ്മാ മൂത്രമൊഴിക്കാനാണത്രേ തോന്നിയത്! ഇതില്‍ മനം നൊന്ത സുരേഷ് ശ്രീജയെ അവഹേളിക്കാന്‍ പടച്ചുവിട്ട ഒരു കഥ പില്‍ക്കാലത്ത് യുസിയിലെ പാണന്മാര്‍ പാടിനടന്നു:
"ക്ലാ ക്ലാ.... ക്ലീ ക്ലീ.....
മുറ്റത്തൊരു മൈന
സുരേഷ് തിരിഞ്ഞുനോക്കിയില്ല
മൈന മൂ....പ്പോയി!"

പ്രണയവും പന്ചാരടിയും മാത്രമല്ല, മറ്റു പലതും ഇവിടെ നടക്കും. ക്ലാസ്സില്ലാത്ത സമയങ്ങളില്‍ ഇവിടെ വന്നിരുന്ന് പഠിക്കുന്നവരുണ്ട്‌. Practical ഉള്ള ദിവസങ്ങളില്‍ ചില മടിച്ചികള്‍ first hour കട്ട് ചെയ്ത് ഇവിടെ ഇരുന്ന് തിരക്കിട്ട് റെക്കോഡ് എഴുതിത്തീര്‍ക്കും. ഇനി വേറെ ചിലരുണ്ട്. പുരുഷദൃഷ്ടിയേല്ക്കുന്നതേ പരമപാപമാണെന്നും യുസിയിലെ എല്ലാ ചെക്കന്മാരും തങ്ങളെ ബലാല്സംഘം ചെയ്യാന്‍ പിറന്നുവീണവരാണെന്നും കരുതുന്നവര്‍. അവര്‍ ഫ്രീ ടൈം മുഴുവന്‍ വെയ്ററിംഗ് ഷെഡ്ഡിലെ വെളിച്ചം കടക്കാത്ത ഏതെങ്കിലും കോണുകളില്‍ കഴിച്ചുകൂട്ടും. എന്നിട്ട്, പുറത്ത് നടക്കുന്നത് മുഴുവന്‍ ഒളിഞ്ഞുനോക്കി കൂട്ടുകാരികളെ ഗുണദോഷിക്കും.

1999 ലെ ഒരു പ്രഭാതം. കണ്ണു മൂടിക്കെട്ടിയ ഏതോ നീതിദേവതയുടെ സൌന്ദര്യശാസ്ത്രത്തിനു മുന്നില്‍ വെയ്ററിംഗ് ഷെഡ് സാഷ്ടാംഗം കീഴടങ്ങി. കച്ചേരിമാളികയുടെ ഗാംഭീര്യം നിലനിര്‍ത്താന്‍ അവള്‍ സ്വയം ബലിയായി.

പാവം. എത്രയോ പെണ്‍കുട്ടികള്‍ക്ക് അമ്മയുടെ കൂട്ട് നല്കിയ ആ വെയ്ററിംഗ് ഷെഡ്ഡിന്‍റെ ആത്മാവിപ്പോള്‍ രാമായണത്തിലെ അഹല്യയെപ്പോലെ ഒരു പൊന്‍സ്പര്‍ശനം കാത്ത് കച്ചേരിമാളികയുടെ പരിസരങ്ങളില്‍ അലയുന്നുണ്ടാകും.

Tuesday 6 January 2009

SC-6



(Background info: പഴയ ത്രിശങ്കു രാജാവിന് വിശ്വാമിത്ര മഹര്‍ഷി ഭൂമിക്കും സ്വര്‍ഗത്തിനുമിടയില്‍ സൃഷ്ടിച്ചു കൊടുത്ത പ്രൈവറ്റ് ലോകം പോലെ Physics Dept. ലെ മൂന്നാം നിലയുടെ മൂലയ്ക്ക് നില കൊള്ളുന്ന ക്ലാസ്സ് മുറി.)

മനുഷ്യന്‍ ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും പറഞ്ഞു വിടുന്ന ചില പേടകങ്ങളുടെ പേരാണ് ഈ ക്ലാസിന്. ഫോബോസ്-2, അപ്പോളോ-11, ലൂണ-16, എസ്.സി-6...! ആരിട്ടതാണെങ്കിലും പേര് കലക്കന്‍. Astronomy പോലെ ഭൂമിയില്‍ ഒതുങ്ങാത്ത വിഷയങ്ങള്‍ പഠിപ്പിച്ച് വിദ്യാര്‍ത്ഥികളെ വിഷമവൃത്തത്തിലാക്കുന്ന ഒരു ക്ലാസിന് ഇതല്ലാതെ വേറെന്തു പേരിടാന്‍...?

തത്വത്തില്‍ physics department ല്‍ ആണെങ്കിലും ഫലത്തില്‍ ബഹിരാകാശത്താണ് ഈ മുറി. ബോര്‍ഡില് വരയ്ക്കുന്ന ആദിയും അന്തവുമില്ലാത്ത ചില സര്‍ക്യൂട്ട് ഡയഗ്രങ്ങളല്ലാതെ കാമ്പസിലെ ഫുള്‍ നിലാവില് അഴിഞ്ഞു നടക്കുന്ന രൊറ്റ പെടക്കോഴിയെ പോലും ഇവിടിരുന്നാല്‍ കാണില്ല. വെളിച്ചത്തിന്‍റെ അവസാനത്തെ കണികയെയും വലിച്ചെടുക്കുന്ന തമോഗര്‍ത്തങ്ങളേക്കുറിച്ചുളള ലെക്ചര്‍ കേട്ടിരിക്കുമ്പോള്‍ മനസ്സ് വെയ്ററിംഗ് ഷെഡ്ഡിനു സമീപത്തെ വെള്ളിവെളിച്ചത്തില്‍, ഒരു ഗര്‍ത്തത്തിലും അതുവരെ വീണിട്ടില്ലാത്ത ഏതെങ്കിലും നക്ഷത്രങ്ങളുമൊത്ത് തുള്ളിക്കളിക്കുകയാവും.

SC-6 ല്‍ കയറുക എന്നത് റോക്കറ്റില്‍ കയറുന്ന പോലെയാണ്. ഒമ്പതരയുടെ കൌണ്ട് ഡൌണ്‍ തുടങ്ങിയാല്‍ പിന്നെ ഇടയ്ക്ക് ഇറക്കമില്ല. ഉച്ചയൂണിന്‍റെ എസ്കേപ് വെലോസിററി കൂടി കടന്നു കിട്ടിയാല്‍ ഭൂമിയും അതിലുള്ള സകലതും അനേകം പ്രകാശവര്‍ഷങ്ങള്‍ അപ്പുറമാകും. മെക്കാനിക്സും ഇലക്ട്രോണിക്സും ആസ്ട്രോ ഫിസിക്സും കൊണ്ടു പെരുത്ത തലയും തോളത്തിട്ട് ചിലര്‍ ഇതിനിടയിലും ഒന്നു പുറത്തു ചാടാന്‍ ശ്രമിക്കും. എന്നാല്‍, ഒരവര്‍ തീര്‍ത്ത് സാറ് ഇറങ്ങും മുമ്പേ വാതില്‍ക്കല്‍ വെയിറ്റ് ചെയ്യുന്ന അടുത്ത മാഷുമേല്‍ ഇടിച്ച് ആ ധൂമകേതുക്കള്‍ തല്‍ക്ഷണം കരിഞ്ഞുവീഴും.

ഇന്നും ഓര്‍മയുണ്ട് ആ ദിവസം. ക്ലാസ്സില്‍ SC-6 കാരുടെ ദേശീയാഘോഷമായ ഉച്ചയൂണു മഹോത്സവം പൊടിപൊടിക്കുകയാണ്. വെള്ളത്തില്‍ നീന്തുന്നതും മണ്ണിലിഴയുന്നതും ആകാശത്ത് പറക്കുന്നതുമായ നാനാതരം ജീവികള്‍ ഡെസ്കിനു മുകളിലെ ഊണ്പാത്രങ്ങളില്‍ നിശ്ശബ്ദമായിരുന്ന് തങ്ങളുടെ ഭൂതകാലം അയവിറക്കുന്നു. ഞങ്ങള്‍ ആണും പെണ്ണും പതിവു പോലെ ഒരൊറ്റ യൂണിറ്റായി ചേര്‍ന്നിരുന്ന് നിറഞ്ഞ വായില്‍ സൊറ പറയുന്നു. ഊണിന്‍റെ വിഭവ സമൃദ്ധിയില്‍ 'ഇന്‍റേര്‍ണല്‍ ഫ്രിക്ഷന്‍' തുടങ്ങിയ വയറിന്‍റെ പെടാപ്പാടും പരദൂഷണത്തിന്‍റെ ആവേശത്തിമിര്‍പ്പും കൂടിയായപ്പോള്‍ ഉച്ച തിരിഞ്ഞുള്ള 'ഡ്രൈ അവറു'കള്‍ക്ക് മുമ്പേ പുറത്തുചാടുന്ന കാര്യം ഞങ്ങള്‍ മൂന്നാലു പേര്‍ മറന്നു.

ഒന്നരയുടെ മണി മുഴങ്ങിയതും അപ്പോള്‍ ആട്ടം തുടങ്ങിയ 'സിമ്പിള്‍ പെന്‍ഡുലം' പോലെ ഇട്ടൂപ്പ് മാത്യു സാര്‍ കടന്നു വന്നു. വന്നപാടെ മെക്കാനിക്സിലെ ഏതോ തിയറിയുടെ കുത്തിനു കേറിപ്പിടിച്ച് അദ്ദേഹം ക്ലാസ്സും തുടങ്ങി. ഞാന്‍ ഫസ്റ്റ് ഡി സി യിലെ സുന്ദരിയുടെ വെള്ളാരങ്കണ്ണുകളിലേക്കും എനിക്കൊപ്പമിരുന്ന കൃഷ്ണമേനോന്‍ ബാംഗ്ളൂരിലെ MRF Pace Foundation എന്ന ക്രിക്കററ് കളരിയിലേക്കും സാബു തമ്പി ആയിടെ റിലീസായ ഒരു ഹിന്ദി ചിത്രത്തിലെ ഗാന രംഗത്തിലേക്കും 'സ്കൂട്ട്' ആയി.

പിന്നെ ഓര്‍മ വരുമ്പോള്‍ കേള്‍ക്കുന്നത് ഒരു പൊട്ടിച്ചിരിയാണ്. പൊട്ടനെന്ത് പൊട്ടിച്ചിരി...? ഞാന്‍ കണ്ണ് മിഴിച്ചു സകലരെയും നോക്കി. എല്ലാവരും പിന്‍സീറ്റിലിരുന്ന ഞങ്ങളെ നോക്കി ചിരിക്കുന്നു. കാര്യമറിഞ്ഞത് പിന്നീടാണ്‌. ക്ലാസ്സിനിടയില്‍ എപ്പോഴോ ഏതാനും പ്രാവുകള്‍ ഞങ്ങള്‍ക്ക് പിന്നിലെ ബെന്ചില്‍ വന്നിരുന്നു. ഇതൊന്നുമറിയാതെ ദിവാസ്വപ്നങ്ങളില്‍ മുങ്ങാങ്കുഴിയിട്ടു കിടന്ന ഞങ്ങള്‍ക്ക് നേരേ തക്കസമയത്ത് ഇട്ടൂപ്പ് മാത്യു സാര്‍ തോട്ടയെറിഞ്ഞു. "കണ്ടില്ലേ, ക്ലാസ്സില്‍ ഇതുവരെ കാണാത്ത ചിലരെ കാണാന്‍ പ്രാവുകള്‍ എത്തിയത്..."

ഷേണായ് സാര്‍, എന്‍ ഐ ടി, മോഹന്‍ തോമസ് , ആര്‍ കെ ജെ, ടി എന്‍ വി, അവിര സാര്‍..........അറിവിനും ആത്മാര്‍ത്ഥതയ്ക്കും പേരു കേട്ട എത്രയോ പേരുണ്ട് യുസിയില്‍ ഫിസിക്സ് അധ്യാപകരായി. പക്ഷേ, ഈ മഹാരഥര്‍ മാറി മാറി പഠിപ്പിച്ചിട്ടും ഈയുള്ളവന്‍റെ മാത്രം പരീക്ഷകള് കല്പന ചൌള കയറിയ കൊളംബിയ ഷട്ടില് പോലായി. ഒരിക്കലല്ല, പല തവണ. കുറ്റം ആരുടേതെന്ന് ഊഹിക്കാമല്ലോ....?

യുസിയില്‍ BSc phycics പഠിച്ച ചിലര്‍ക്കെങ്കിലും SC-6 എന്നു വച്ചാല്‍ നെപ്പോളിയന് സെന്‍റ് ഹെലേന ദ്വീപു പോലെയോ വീരസവാര്‍ക്കറിനു സെല്ലുലാര്‍ ജയില് പോലെയോ ആന്ഫ്രാങ്കിന് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് പോലെയോ ആയിരുന്നു. തീര്‍ച്ച.