Sunday 13 September 2009

സ്കിന്നര്‍ ഹോസ്റ്റല്‍

യുസിക്ക് ഏറെക്കാലം ആറ്റുനോറ്റുണ്ടായ ഉണ്ണിയാണ് ഇന്നത്തെ സ്കിന്നര്‍ ഹോസ്റ്റല്‍. അതായത് പെണ്‍കുട്ടികളുടെ സ്കിന്നര്‍.

മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സ്കിന്നര്‍ വില്ല്യം സായ്പ്പിന്റെ പേരിലുള്ള മെന്‍സ് ഹോസ്റ്റല്‍ ( യു സി കോളെജിനെ 'മദ്രാസ് ക്രിസ്ത്യന്‍ കോളേജിന്റെ പുത്രി ' എന്നാണ് പണ്ടുള്ളവര്‍ വിശേഷിപ്പിച്ചിരുന്നത്) കോളേജിന്റെ ആദ്യകാലം മുതല്‍ക്കേ ഇവിടുണ്ട്. വീരശൂരരും പരാക്രമികളുമായ അനേകം പുരുഷസിങ്കങ്ങളും ബഹുമാന്യരായ അനേകം അധ്യാപകരും ഇവിടെ പാര്‍ത്തിട്ടുമുണ്ട്. പക്ഷേ, എണ്‍പതുകളുടെ അവസാനം ആണ്‍കുട്ടികളെ പുറത്താക്കി പെങ്കൊച്ചുങ്ങള്‍ക്കായി തുറന്നുകൊടുത്തപ്പോഴാണ് സ്കിന്നര്‍ യുസിയുടെ ശ്രദ്ധാകേന്ദ്രമായത്. കാമ്പസിനകത്തുള്ള ഏക പെണ്‍ഹോസ്റ്റല്‍. ഇതുപോലൊരെണ്ണം വേറെ കാണണമെങ്കില്‍ മെയിന്‍ റോഡ് മുറിച്ച് കാല്‍കിലോമീറ്റര്‍ ശരണം വിളിച്ചുനടന്ന് അംബേദ്കര്‍ കോളനിക്കു പിന്നിലുള്ള 'ഈസ്റ്റ് ഹോസ്റ്റലി'ലും 'വെസ്റ്റ് ഹോസ്റ്റലി'ലുമെത്തണം.

ഇന്നാലോചിച്ചാല്‍ ചിരി വരും. സ്കിന്നര്‍ എന്ന ഉശിരന്‍ സായ്പിന്റെ പേരില്‍ ഒരു പെണ്‍ഹോസ്റ്റല്‍. പുരുഷന്മാരെ മാത്രം പാര്‍പ്പിക്കുന്ന സ്ഥാ‍പനത്തിന് 'ലീ‍ലാമ്മ' എന്നു പേരിടും പോലെ! എന്നാല്‍, പുരുഷന്മാര്‍ ഏറ്റവുമധികം വായിക്കുന്ന മാഗസിന് 'വനിത' എന്നു പേരുള്ള ഈ നാട്ടില്‍ ഇതൊന്നും വലിയ തമാശയല്ല.

സ്കിന്നര്‍ പെണ്‍കുട്ടികള്‍ക്കായി തുറന്നുകൊടുത്തു എന്നല്ല, അടച്ചുകൊടുത്തു എന്നാണ് പറയേണ്ടത്‌. ചില പെണ്‍കുട്ടികളുടെ മനസ്സുപോലെ ആര്‍ക്കും എപ്പോഴും കയറിക്കിടക്കാവുന്ന വിധം തുറന്നുകിടക്കുകയായിരുന്നു അതുവരെ സ്കിന്നര്‍. മതിലുമില്ല, ഗേറ്റുമില്ല, ഗേറ്റിങ്കല്‍ പാറാവുമില്ല. എന്നുവച്ചാല്‍, അടിച്ചു കോണ്‍ തെറ്റി ഉടുമുണ്ടഴിഞ്ഞ് രണ്ടാംനിലയിലൂടെ നടക്കുന്ന 'നാഗരാജാക്ക'ന്മാരെ വരെ ക്രിക്കറ്റ് കോര്‍ട്ടിന്റെ അങ്ങേക്കരെ നിന്ന് വെറും കണ്ണുകൊണ്ട് കാണാം!

'പെണ്ണിന് പ്രൈവസി ജന്മസിദ്ധം' എന്നാണല്ലോ ചില പെണ്‍കുട്ടികളുടെ ഉള്ളിലിരിപ്പ്. പെണ്‍സ്പര്‍ശമേറ്റതോടെ അന്നോളം സമൃദ്ധമായി പ്രദര്‍ശിപ്പിച്ചിരുന്നതൊക്കെ സ്കിന്നര്‍ അടച്ചിട്ടു. ക്രിക്കറ്റ് കോര്‍ട്ടിന്റെ അങ്ങേക്കരയില്‍ ഗമണ്ടനൊരു മതിലും മതിലിനു മുകളില്‍ കുപ്പിച്ചില്ലുകളും (ഇതിനു വേണ്ട ചില്ലുകള്‍ ക്വാര്‍ട്ടര്‍, പൈന്റ് കുപ്പികളുടെ രൂപത്തില്‍ സ്കിന്നര്‍ വളപ്പിനകത്തെ കുറ്റിക്കാടുകളില്‍ പതുങ്ങിക്കിടപ്പുണ്ടായിരുന്നു) മതിലിനറ്റത്ത് പടുകൂറ്റന്‍ ഇരുമ്പുഗെയ്റ്റും ഗെയ്റ്റിനപ്പുറം പാറാവുശാലയും പാറാവുകാരന്റെ പക്കല്‍ സന്ദര്‍ശകരജിസ്റ്ററും സ്ഥാപിക്കപ്പെട്ടു. ഇതിനും പുറമെ, വേണ്ടപ്പെട്ടവരെ ഒരുനോക്കു കാണാന്‍ ബ്രദറായും കസിനായുമെത്തുന്ന പാവം ആണ്‍കുട്ടികളെ 'വാ‍ടാപോടാ' വിളിക്കാനൊരു 'വാഡനും'!

പുറമേ നിന്നു നോക്കിയാല്‍ സംഗതി ദുരൂഹമാണ്. ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍ അടഞ്ഞുകിടക്കുന്നപോലെ. രണ്ടെണ്ണം വയ്ക്കേണ്ടിടത്ത് ഇരുനൂറെന്ന കണക്കില്‍ കോണ്‍ക്രീറ്റ് അഴികള്‍. താഴെയും മുകളിലും എന്നുവേണ്ട, ഇടനാഴികള്‍ മുഴുവന്‍ അതങ്ങനെ പടര്‍ന്നുപന്തലിച്ചു കിടക്കുന്നു. പുറംകാഴ്ച പോയിട്ട് സൂര്യനെപ്പോലും കാണാന്‍ ഒളികണ്ണിട്ട് നോക്കണം. ഓരോ മുറിക്കുള്ളിലും മെലിഞ്ഞതും തടിച്ചതും ഇടത്തരവുമായി മൂന്നോ നാലോ അഞ്ചോ അന്തേവാസികള്‍. വൈകിട്ട് രണ്ടു മണിക്കൂര്‍ ഹോക്കി കളിച്ച് ക്ഷീണിച്ചെത്തുന്ന പാവം പിള്ളാര് ഒന്നാഞ്ഞു വലിച്ചാല്‍ തീര്‍ന്നുപോകാവുന്നതേയുള്ളൂ സ്കിന്നറിനുള്ളിലെ ശുദ്ധവായു എന്നു തോന്നിപ്പോകും. (ഭാരതത്തിന്റേതെന്ന പോലെ യു സിയുടെയും ദേശീയവിനോദം ഹോക്കിയാണ്. കാലങ്ങളായി എം.ജി യൂണിവേഴ്സിറ്റിയിലെ ഏറ്റവും മികച്ച പെണ്‍ ഹോക്കി ടീമും യു.സിയുടേതുതന്നെ. കാരണം, ഹോക്കി കളിക്കാരികള്‍ക്കുള്ള എം.ജിയിലെ ഏക സ്പോര്‍ട്സ് ഹോസ്റ്റല്‍ ഇവിടെയായിരുന്നു. 1985-ല്‍ രാജ്യമൊട്ടാകെയുള്ള ടീമുകള്‍ പങ്കെടുത്ത പെണ്‍കുട്ടികളുടെ അന്തര്‍സര്‍വകലാശാലാ ഹോക്കി മത്സരം നടന്നത് സ്കിന്നര്‍ ഹോസ്റ്റലിനു മുന്നിലുള്ള ക്രിക്കറ്റ് കോര്‍ട്ടില്‍! അന്ന് സ്കിന്നര്‍ ആണ്‍കുട്ടികളുടേതായിരുന്നു.)

ഇപ്പറഞ്ഞതൊക്കെ വെറും പുറംകാഴ്ച. പെണ്ണിനെ സംബന്ധിച്ച പലതിനും ചെറിയൊരു ദുരൂഹത കാണുമല്ലോ. വാസ്തവത്തില്‍, സ്കിന്നറിനകം ബീനാ കണ്ണന്റെ 'ശീമാട്ടി' പോലെ വിശാ‍ലമാണ്. (കണ്ണനോടു മുട്ടി അയ്യപ്പാസ് 'ഗോവിന്ദ'യായ കഥ കോട്ടയത്തെ കൊച്ചുകുഞ്ഞിനുമറിയാം.) കാറ്റും വെളിച്ചവും ഇഷ്ടം പോലെ. നാലുചുറ്റും കൊട്ടക്കണക്കിന് 'പ്രകൃതിരമണി'. ഗന്ധര്‍വമനസ്സുള്ള ചില പാമ്പുകള്‍ കന്യകമാരുമായി ഇഷ്ടം കൂടാന്‍ ഇടയ്ക്കിടെ മുറികളിലെത്തും. പാവം പാമ്പ്! താങ്ങാവുന്നതിലധികം സുന്ദരിമാരെ കണ്ട് സകല പുരുഷത്വവും തളര്‍ന്ന് അതങ്ങനെ പരിപ്പിളകിക്കിടക്കും. അപ്പോള്‍, ഹോക്കി സ്റ്റിക്ക് പിടിച്ച് കൈ തഴമ്പിച്ച ഏതെങ്കിലും പെണ്‍പുലിയോ വാച്ചര്‍ കണ്ണപ്പന്‍ ചേട്ടനോ വന്ന് നെറുകംതലയ്ക്കടിച്ച് അതിനെ ദൂരേയ്ക്കെറിയും. അപ്പനപ്പൂപ്പന്മാരുടെ ചോര വീണ മണ്ണില്‍ നിന്ന് പിന്നെയും പിന്നെയും 'പാമ്പുണ്ണി'കള്‍ മുളച്ചുപൊന്തും. പൂര്‍വികരുടെ പാത പിന്തുടര്‍ന്ന് അവരും സ്കിന്നറിലേക്ക് ഇഴഞ്ഞെത്തും. വിധി തഥൈവ!

മറ്റേതൊരു പെണ്ണാലയവും പോലെ രാത്രികാലങ്ങളില്‍ സ്കിന്നറും സജീവമാകും. എട്ടു മുതല്‍ എട്ടര വരെ 'അര്‍മാദി'ക്കാനുള്ളതാണ്. മദാമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'റിക്രിയേഷന്‍ ടൈം'. വിശാലമായ 'സ്റ്റഡി റൂമി'ല്‍ പെണ്ണായ പെണ്ണെല്ലാം ശക്തിപ്രകടനത്തിനെത്തും. പാട്ടും ഡാന്‍സും വട്ടും വാചകവും തുടങ്ങി ഓരിയിടല്‍ വരെയായി അരമണിക്കൂര്‍ 'ശടേ'ന്നു തീരും. ശേഷം മുറികളിലേക്ക്. അവിടെ നിര്‍ത്തിയത് ഇവിടെ തുടരും.

പത്തുമണി കഴിഞ്ഞ് മുറിയില്‍ ലൈറ്റിടരുതെന്നും സംസാരം പാടില്ലെന്നുമാണ് നിയമം. ലംഘിക്കപ്പെടാന്‍ നിയമങ്ങളുള്ളപ്പോഴാണല്ലോ ഏതൊരു ഇന്ത്യന്‍ പൌരന്റേയും ജീവിതം അര്‍ഥസമ്പൂര്‍ണമാകുന്നത്. മേട്രന്റെ കണ്ണു വെട്ടിച്ച് സ്കിന്നര്‍വാസികള്‍ മെഴുകുതിരിവെട്ടത്തില്‍ പരദൂഷണത്തിന്റെ പറുദീസകള്‍ തീര്‍ക്കും. അന്നു പകല്‍ കണ്ടതും കേട്ടതുമായ സകലതും രാത്രികാലങ്ങളില്‍ പുനഃസൃഷ്ടിക്കപ്പെടും. പ്രശസ്തരും അപ്രശസ്തരുമായ അനേകം ആ‍ണ്‍കുട്ടികളും അധ്യാപകരും ആ‍ പെണ്ണരങ്ങുകളില്‍ അഭിനേതാക്കളായെത്തും. ഇതിനിടയില്‍ ചിലര്‍ ആളനക്കമില്ലാത്ത മൂലകളില്‍ ഒറ്റയ്ക്കിരുന്ന് വെള്ളക്കടലാസിലേക്ക് മനസ്സ് പകര്‍ത്തുന്നുണ്ടാകും.

വര്‍ഷത്തില്‍ രണ്ടേരണ്ട് തവണ മാത്രമേ ആണ്‍കുട്ടികള്‍ സംഘമായി സ്കിന്നറിനകത്ത് പ്രവേശിക്കാറുള്ളൂ. ഇലക്ഷന്‍ സമയത്തും ക്രിസ്തുമസ് കാലത്തും. എല്ലാ പാര്‍ട്ടിക്കാരുടെയും പ്രചരണപരിപാടിയിലെ ഗ്ലാമര്‍ ഇനമാണ് പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സന്ദര്‍ശനം. കാമിനിമാരെയും കാണാന്‍ കൊതിച്ചവരെയും അവരുടെ മടകളില്‍ സന്ധിക്കാനുള്ള സുവര്‍ണാവസരം. പ്രസംഗിച്ചും പാട്ടുപാടിയും കവിത ചൊല്ലിയും ഈ സന്ദര്‍ശനം പരമാവധി നീട്ടാന്‍ ആണ്‍കുട്ടികള്‍ കൊതിക്കും. കൂട്ടുകാരെ പരമാവധി സമയം അവിടെ പിടിച്ചുനിര്‍ത്താന്‍ പെണ്‍കുട്ടികളും.

ക്രിസ്തുമസ് കാലത്തെ സന്ദര്‍ശനം ചാക്കോ ഹോസ്റ്റലുകാര്‍ക്കു മാത്രം അവകാശപ്പെട്ടതാണ്. കാരള്‍ പാടിയെത്തുന്ന അവരെ സ്കിന്നറുകാര്‍ രാജകീയമായി വരവേല്‍ക്കും. പാട്ടിനിടെ 'ക്രിസ്തുമസ് ഫാദര്‍' അവതാരത്തിന്റെ വക സ്ക്രിപ്റ്റിലുള്ളതും ഇല്ലാത്തതുമായ കിടിലന്‍ നമ്പറുകളുണ്ടാകും. പട്ടിണി കിടന്ന് 'സ്ലിം ബ്യൂട്ടി'യായ കൊച്ചിന്റെ മുഖത്തു നോക്കി "എപ്പോ വന്നു എത്യോപ്യേന്ന്...?" തുടര്‍ന്ന് മേട്രന്റെ കവിളേലൊന്നു നുള്ളി "എന്താ കുഞ്ഞേ, ഇവള്‍ക്ക് കഴിക്കാനൊന്നും കൊടുക്കുന്നില്ലേ.." എന്നൊരു സ്നേഹശകാരം. തടിയുള്ളവരെയും വെറുതെ വിടില്ല അപ്പൂപ്പന്‍. നൈറ്റിയാല്‍ മറച്ച വയറൊന്നുഴിഞ്ഞു നോക്കി ഫുള്‍ 'ബാസി'ല്‍ ഒരു കാച്ചങ്ങുകാച്ചും: "കുഞ്ഞിനിത് എത്രാം മാസമാ...?" ക്രിസ്തുമസ് ഫാദറിന്റെ സ്വതസിദ്ധമായ വാത്സല്യത്തിന്റെ മറവില്‍ പൊടി 'ടച്ചിങ്സും' ഈ സമയത്ത് തരപ്പെടും. ഇത്തരം നമ്പറുകളില്‍ പലതിന്റെയും പിന്നില്‍ സ്കിന്നറിലെ ചില അന്തേവാസികളുടെ കുരുട്ടുബുദ്ധി കൂടിയുണ്ടാകും എന്നതാണ് സത്യം.

ക്രിസ്തുമസ് ഫാദറായി വന്നത് ആരെന്ന സസ്പെന്‍സ് കാരളിലുടനീളം പെണ്‍ മനസ്സുകളില്‍ തങ്ങിക്കിടക്കും. ഒടുവില്‍, പാട്ടും ഡാന്‍സും കഴിഞ്ഞ്, വയറു നിറയെ ഭക്ഷണവും മനസ്സു നിറയെ കോരിത്തരിപ്പുമായി ചാക്കോ സംഘം മടങ്ങും.

സ്കിന്നര്‍ പെണ്‍കുട്ടികളുടേതായതോടെ എന്നെന്നേയ്ക്കുമായി അടഞ്ഞുപോയ ഒന്നുണ്ട്. ഹോസ്റ്റലിനുള്ളിലൂടെ കരീം സാറിന്റെ ക്വാര്‍ട്ടേഴ്സിലേക്കു പോയിരുന്ന നടപ്പുവഴി. കരീം സാ‍റിന് മൂന്ന് ആണ്‍ മക്കളാണെന്നും അവര്‍ 'ഇലയും മുള്ളും' കഥയിലെ (ഏതു വന്ന് ഏതില്‍ വീണാലും ഇല താറുമാറായിപ്പോകുന്ന 'മെയ്ല്‍ ഷോവനിസ്റ്റ്' പഴങ്കഥ) മുള്ളുകളാണെന്നും നന്നായറിയാവുന്ന കോളേജ് അധികൃതര്‍ ആ വഴി കൊട്ടിയടച്ചു. അക്കാലത്തെ ചില രാത്രികളില്‍ സ്കിന്നറിന്റെ പടിഞ്ഞാറേ മൂലയ്ക്കുള്ള ആഞ്ഞിലി മരത്തിനുകീഴെ ഗതി കിട്ടാത്ത ചില ആത്മാക്കള്‍ അലഞ്ഞുനടപ്പുണ്ടായിരുന്നു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി സ്കിന്നറില്‍ സ്ഥിരമായുള്ളത് ഒരാള്‍ മാത്രം. വാച്ചര്‍ കണ്ണപ്പന്‍ ചേട്ടന്‍. ഇന്നത്തെ സ്കിന്നറിലെ ഏക പുരുഷപ്രജ. കോളേജിനു തൊട്ടരികെയായിട്ടും ദിവസം അരമണിക്കൂര്‍ മാത്രം സ്വന്തം വീട്ടില്‍ ചിലവഴിക്കുന്നയാള്‍. സ്കിന്നറിലെ തലമുറകള്‍ക്ക് സഹായിയായി, ആരാലും ശ്രദ്ധിക്കപ്പെടാതെ ആ ജന്മം തേഞ്ഞുതീരുന്നു.