Tuesday 14 July 2009

ജോണിസമരം

യുസിയില്‍ പഠിച്ചുപോയ ആണ്‍കുട്ടികള്‍ പുതുതായി പഠിക്കാനെത്തുന്നവരോട് വര്‍ഷങ്ങളായി പറഞ്ഞുവരുന്ന ഒരു സ്ഥിരം പല്ലവിയുണ്ട്: "ഇപ്പോഴത്തെ കോളേജൊക്കെ എന്തിനുകൊള്ളാം. വെറും പള്ളിക്കൂടം! ഞങ്ങളുടെ കാലത്തല്ലേ ഇവിടെ അലമ്പായ അലമ്പൊക്കെ നടന്നത്..."

ആര്‍ക്കും ദഹിക്കാത്ത ഈ ഡയലോഗ് ആവര്‍ത്തിക്കാനാഗ്രഹമില്ല. എന്നുവച്ച് നേര് നിഷേധിക്കുന്നുമില്ല. അല്ലെങ്കിലും ഈ അലമ്പെന്നു പറയുന്നതുതന്നെ ആപേക്ഷികമല്ലേ...!

വിധിവിളയാട്ടം എന്നേ പറയേണ്ടൂ. ഇന്നത്തെ പള്ളിക്കൂടങ്ങളില്‍ മാത്രമുള്ള ഒരു പതിവ് എഴുപതുകളില്‍ കേരളത്തിലെ കലാലയങ്ങളിലുണ്ടായിരുന്നു. ഫൈനല്‍ പരീക്ഷയില്‍ ജയിക്കാത്തവരെ അതേ ക്ലാസ്സില്‍ തന്നെയിരുത്തും . അതെ, തോല്പിക്കല്‍ തന്നെ. മാര്‍ക്കിന്റെ മാത്രമല്ല, അറ്റന്‍ഡന്‍സിന്റെ കുറവുള്ളവരെയും തോല്പിച്ചുകളയും. 'Detention' എന്നായിരുന്നു ഈ ഏര്‍പ്പാടിന്റെ പേര്.

സ്കൂളിലില്ലാത്ത പല സൌകര്യങ്ങളും കോളേജിലുണ്ടല്ലോ. അങ്ങനെയെങ്കില്‍ കോളേജില്‍ തോല്ക്കുന്നത് നല്ലതല്ലേ, അത്രയും കൂടുതല്‍ അര്‍മാദിച്ചുകൂടേഎന്നൊക്കെ ചില 'വളഞ്ഞ ബുദ്ധി'കള്‍ക്കു ചിന്തിക്കാം . (അങ്ങനെ ചിന്തിച്ച ഒരു മലയാളിയെ ഒരിക്കല്‍ മണിപ്പാലിലെ പ്രശസ്തമായ 'കസ്തൂര്‍ബാ മെഡിക്കല്‍ കോളേജി'ല്‍ പരിചയപ്പെട്ടു. ബോളിവുഡ് നായകന്മാര്‍ തോറ്റുപോകുന്ന ഗ്ലാമര്‍. ഇട്ടു മൂടാന്‍ മസില്‍. പഠിക്കുന്നത് ബി.ഫാം എട്ടാം വര്‍ഷം! ഉറച്ച ശബ്ദത്തില്‍, അതിരു കവിഞ്ഞ ആത്മവിശ്വാസത്തോടെ ആ യുവകോമളന്‍ ഇത്രയും കൂടി പറഞ്ഞു: "ഇനിയും ഒരെട്ടു വര്‍ഷം കൂടി പഠിച്ചാലും പടച്ചോനാണെ ഞാന്‍ പാസാവില്ല.")

അവിടെയാണ് ഗുലുമാല്‍. തോറ്റാല്‍ പിന്നെ അടുത്ത വര്‍ഷം പരീക്ഷയെഴുതാന്‍ മാത്രമേ കാമ്പസില്‍ കയറാവൂ. കാമ്പസില്‍ കയറാതിരിക്കുക എന്നത് ഒരു കോളേജ് കുമാരനെ സംബന്ധിച്ചിടത്തോളം ലോക്കപ്പില്‍ കിടക്കുന്നതിനു തുല്യമാണല്ലോ. അങ്ങനെയാവാം 'കസ്റ്റഡിയിലെടുക്കുക' എന്നര്‍ത്ഥമുള്ള വാക്കു തന്നെ ആ ശിക്ഷയ്ക്കു ലഭിച്ചത്; Detention!

പരീക്ഷ പാസാകാഞ്ഞതിന് 1970-ല്‍ ഒരു ഡിഗ്രി വിദ്യാര്‍ത്ഥിയെ 'Detain' ചെയ്തു. അന്നത്തെ കെ.എസ്.യു ജോയിന്റ് സെക്രട്ടറി മാത്യുവിനെ. അലമ്പിനെന്ത് പാര്‍ട്ടിഭേദം ...? സംഭവം കെ.എസ്.യുക്കാര്‍ മാത്രമല്ല, എസ്.എഫ്.ഐക്കാരും ഏറ്റെടുത്തു. ഇരുകൂട്ടരും സംഘടിച്ച് സമരം തുടങ്ങി.

സമരം രണ്ടാഴ്ച നീണ്ടു. ഇതിനിടെ, അന്നത്തെ ചരിത്രവിഭാഗം തലവന്‍ A.K.Baby സാറിന്റെ മധ്യസ്ഥതയില്‍ കെ.എസ്.യുക്കാര്‍ ഒത്തുതീര്‍പ്പു ശ്രമം നടത്തി. തോറ്റയാളിന് ഒരു ടെസ്റ്റ് കൂടെ ഇടും . അതില്‍ 20 ശതമാനം മാര്‍ക്ക് കിട്ടിയാല്‍ ജയിപ്പിക്കാം എന്ന ഉറപ്പ് പ്രിന്‍സിപ്പാള്‍ C.T.Benjamin സാര്‍ നല്കിയ പശ്ചാത്തലത്തില്‍ കെ.എസ്.യു സമരം പിന്‍വലിച്ച് മുഖം രക്ഷിച്ചു. (എന്നാല്‍ കെ.എസ്.യു കരിങ്കാലിപ്പണി കാട്ടിയെന്നായിരുന്നു എസ്.എഫ്.ഐക്കാരുടെ ആരോപണം. ചില പത്രങ്ങളിലൊക്കെ അപ്രകാരം വാര്‍ത്ത വരികയും ചെയ്തു.)

എന്നാല്‍ തൊട്ടടുത്ത വര്‍ഷം നടന്ന ഒരു സമരത്തിനു മുന്നില്‍ മാത്യുസമരം 'അയ്യടാ'ന്നായിപ്പോയി. പറഞ്ഞുപറഞ്ഞ് 'ലെജെന്‍ഡ്' ആയി മാറിയ ആ പ്രക്ഷോഭത്തിന്റെ പേര് 'ജോണിസമരം ' എന്നായിരുന്നു.

പ്രതികരണശേഷി കൂടുതലുള്ള വിദ്യാര്‍ഥികള്‍ ഡിറ്റെന്‍ഷനെതിരെ രണ്ടും കല്പിച്ചിറങ്ങിയ വര്‍ ഷമായിരുന്നു 1971. അതുകൊണ്ടുതന്നെ ആ വര്‍ഷം കോളേജ് നടത്തിയ പരീക്ഷ സുരേഷ് ഗോപിച്ചിത്രം പോലെ സംഭവബഹുലമായി. ഡിറ്റെന്‍ഷനോട് എതിര്‍പ്പുള്ള ചിലര്‍ എക്സാം ഹാളില്‍ കയറി ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് കീറിക്കളഞ്ഞതുവരെയെത്തി കാര്യങ്ങള്‍!

ഒടുവില്‍, ആ വര്‍ഷത്തെ Detention ലിസ്റ്റ് വന്നു. പുറത്തായത് 13 പേര്‍. പരീക്ഷയെഴുതി തോറ്റവരും അറ്റന്‍ഡന്‍സിന്റെ കുറവുള്ളവരുമൊക്കെയുണ്ട് ലിസ്റ്റില്‍. കെ.പി.ധനപാലന്‍ (ഇപ്പോഴത്തെ ചാലക്കുടി
എം.പിയും കോണ്‍ഗ്രസ് നേതാവുമായ അതേ ധനപാലന്‍!), മൈക്കിള്‍ തരകന്‍ (ഇപ്പോഴത്തെ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറും പ്രമുഖ ചരിത്രകാരനും), എം.ഐ.ഐസക്, എ.റ്റി.ജോണി തുടങ്ങി 13 പുലികള്‍!

13 പണ്ടേ പിശകാണ്. യുസിയിലും അത് തനിനിറം കാട്ടി. ഡിറ്റെന്‍ഷനില്‍ പ്രതിഷേധിച്ച് വിദ്യാര്‍ ഥികള്‍ മാനേജ്മെന്റിന് മെമ്മോറാണ്ടം സമര്‍പ്പിച്ചു. ഫലമില്ലാതെ വന്നപ്പോള്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു. രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥി വി.കെ.മുഹമ്മദ് പ്രസിഡന്റ്, സെക്രട്ടറി എ.റ്റി.ജോണി (പുറത്തായ ജോണി തന്നെ). 'ആക്ഷന്‍ ' എന്നത് പേരില്‍ മാത്രമൊതുങ്ങില്ലെന്നു കണ്ടപ്പോള്‍ മാനേജ്മെന്റ് 12 പേരെ തിരിച്ചെടുത്തു. എ.റ്റി.ജോണി മാത്രം അപ്പോഴും പുറത്ത്. മാത്രമല്ല, ജോണിയുടെ റ്റി.സി. കേരള യൂണിവേഴ്സിറ്റിക്ക് അയച്ചുകൊടുക്കുകയും ചെയ്തു കോളേജ് അധികൃതര്‍.

ജോണിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം തുടങ്ങി. ഹോസ്റ്റലുകാരാണ് എല്ലാറ്റിനും മുന്‍പന്തിയില്‍. രാത്രികാലങ്ങളില്‍ ഹോസ്റ്റലുകള്‍ തേനീച്ചക്കൂടുപോലെ സജീവമാകും . സമരത്തിനു പുതിയ തന്ത്രങ്ങള്‍ മെനയും. മുഴക്കമുള്ള മുദ്രാവാക്യങ്ങള്‍ പടയ്ക്കും. (ജോണിസമരത്തിലെ മുദ്രാവാക്യമെന്തെന്നു ചോദിച്ചപ്പോള്‍ ഈ പ്രായത്തില്‍ അതു പറയാന്‍ ബുദ്ധിമുട്ടുണ്ട് എന്നായിരുന്നു സമരക്കാരില്‍ ചിലരുടെ മറുപടി. എങ്കിലും മുദ്രാവാക്യത്തിലെ ചില വാക്കുകള്‍ മാത്രം അവര്‍ പറഞ്ഞുതന്നു - 'കോഴി, കുട്ടിച്ചാത്തന്‍ , കള്ളയ്യ, മുള്ളയ്യ, ചെതലയ്യ,......' - മനോധര്‍മമനുസരിച്ച് ആര്‍ ക്കും അതിനെ വ്യാഖ്യാനിക്കാം!)

സമരം രണ്ടാഴ്ച പിന്നിട്ടപ്പോള്‍ 'ഗവേണിംഗ് ബോഡി' കൂടി കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ മാനേജ്മെന്റ് തീരുമാനിച്ചു. അതോടെ സമരക്കാര്‍ ഗേറ്റിനു വെളിയില്‍ നിരാഹാരം തുടങ്ങി. പ്രതിഷേധിക്കാന്‍ ഗാന്ധിമാര്‍ഗം തിരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെ ആ സമരപ്പന്തലില്‍ വച്ച് നക്സലൈറ്റ് അനുഭാവമുള്ള ഒരു തീപ്പൊരി ഇപ്രകാരം പ്രസംഗിച്ചത്രേ: '' ഈ മഹാസൌധം (യുസിയിലേക്കു വിരല്‍ ചൂണ്ടി) ഞങ്ങള്‍ ഡൈനാമൈറ്റ് വച്ച് തകര്‍ക്കും ...!"

അപ്പോഴത്തെ ഒരു ആവേശം. അത്രതന്നെ. വാസ്തവത്തില്‍, യുസിയിലെ ഒരു പുല്ക്കൊടിയെപ്പോലും പരുക്കേല്പിക്കാന്‍ കഴിയാത്തവരായിരുന്നു അന്നത്തെ വിദ്യാര്‍ഥികള്‍ . എങ്കിലും, മാനേജ്മെന്റ്
മര്‍ക്കടമുഷ്ടി പിടിച്ചപ്പോള്‍ സമരാര്‍ഥികളുടെ സംയമനം തെറ്റി. മഴക്കാറുള്ള ഒരു ദിവസം കോളേജിന്റെ അടച്ചിട്ട ഇരുമ്പ്ഗേറ്റ് തള്ളിത്തുറന്ന് അവര്‍ അകത്തുകയറി. ഗാന്ധി നട്ട മാവുണ്ടെങ്കിലും അതിനു പിന്നിലുള്ള ഇന്നത്തെ ഓഫീസ് കെട്ടിടം അന്നില്ല. യു.പി. ബ്ലോക്കിലാണ് അന്ന് പ്രിന്‍സിപ്പാളിന്റെ മുറി. അവിടെ മാനേജ്മെന്റിന്റെ അടിയന്തിരയോഗം നടക്കുന്നു.

ഇരച്ചുകയറിയ സമരക്കാര്‍ പ്രിന്‍സിപ്പാളിനെയും ഒപ്പമുള്ളവരെയും 'ഘെരാവോ' ചെയ്തു. തീരുമാനം ഉടന്‍ വേണമെന്നായി അവര്‍. പറ്റില്ല, അതിന് 'ഗവേണിംഗ് ബോഡി' കൂടണം എന്ന് പ്രിന്‍സിപ്പാള്‍ Benjamin സാര്‍. എങ്കില്‍ ഇപ്പോള്‍ തന്നെ കൂടിക്കോ എന്ന് സമരക്കാര്‍ . കാരണം, ഗവേണിംഗ് ബോഡി കൂടാനുള്ള എല്ലാ 'ബോഡി'കളെയും വിദ്യാര്‍ഥികള്‍ വളഞ്ഞുവച്ചിരിക്കുകയാണ് !

അപ്പോഴേക്കും മഴ തുടങ്ങി. മഴവെള്ളം ഒലിച്ചുപോകാനുണ്ടാക്കിയ 'പാത്തി'ക്കടിയില്‍ നിന്ന ബെഞ്ചമിന്‍ സാറിന്റെ തലയില്‍ വെള്ളം കുത്തിയൊലിച്ചുവീണു. (പാത്തിയിലൂടെ ഒഴുകിവന്ന എത്രയോ മഴവെള്ളം ചുമ്മാ 'വേസ്റ്റാക്കി'യെന്ന് ചിലരെങ്കിലും ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകും!)

സംഗതി കൈവിട്ടുപോകും എന്നുറപ്പായ കോളേജുകാര്‍ പോലീസിനെ വിളിച്ചു. ആലുവ ഡി.വൈ.എസ്.പി V.P.R.Menon ന്റെ നേതൃത്വത്തിലുള്ള സംഘം ഉടനെത്തി. ലാത്തിച്ചാര്‍ജിന്റെ വക്കോളമെത്തിയെങ്കിലും ഭാഗ്യവശാല്‍ അതുണ്ടായില്ല. പോലീസ് ഇടപെട്ട് നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ മാനേജ്മെന്റ് തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചു: "ജോണിയെ തിരിച്ചെടുക്കാം." ഒരു മാസത്തോളം നീണ്ട സമരം അങ്ങനെ അവസാനിച്ചു. സമരക്കാരുടെ ആംഗിളില്‍ നോക്കിയാല്‍ ശുഭപര്യവസായി!

യുസിയിലെ അക്രമാസക്തമായ ആദ്യസമരം എന്നതു മാത്രമല്ല ജോണിസമരത്തിന്റെ പ്രസക്തി. ഈ സമരത്തോടെ ഡിറ്റെന്‍ഷന്‍ വേണ്ട എന്ന് കോളേജ് അധികൃതര്‍ നോട്ടീസ് നല്കി. കേരള യൂണിവേഴ്സിറ്റിയുടെ ചരിത്രത്തില്‍ Detention അവസാനിപ്പിച്ച ആദ്യ കോളേജായി അതോടെ യു.സി. ഇതിനൊക്കെ പുറമേ കോളേജിലെ 'മെന്‍സ്' ഹോസ്റ്റലുകള്‍ പൂട്ടിച്ച സമരം എന്നൊരു 'ബഹുമതി' കൂടിയുണ്ട് ജോണിസമരത്തിന്. സകല കുഴപ്പങ്ങള്‍ക്കും കാരണം ഹോസ്റ്റലുകളാണെന്നു തിരിച്ചറിഞ്ഞ അധികൃതര്‍ ടാഗോര്‍ ഹോസ്റ്റല്‍ പൊളിക്കാന്‍ ഉത്തരവിട്ടു. ഹോളണ്ട് ഹോസ്റ്റല്‍ (അവിടുത്തെ അനൌദ്യോഗികവിദ്യാര്‍ഥി കൂടിയായിരുന്നു കഥാപുരുഷന്‍ എ.റ്റി.ജോണി) അധ്യാപകര്‍ക്കു മാത്രമാക്കി. ന്യൂ ഹോസ്റ്റല്‍ അടച്ചുപൂട്ടി. ആണുങ്ങള്‍ക്കായി പിന്നീട് യുസിയില്‍ അവശേഷിച്ചത് രണ്ടേ രണ്ട് ഹോസ്റ്റലുകള്‍: സ്കിന്നറും ചാക്കോസും. (ഇതില്‍ സ്കിന്നര്‍ കാലമേറെ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് തീറെഴുതി!)

ജോണി ജനിച്ചത് കാലിത്തൊഴുത്തിലല്ല. മാനവരാശിക്കായി ഒരദ്ഭുതവും അദ്ദേഹം ചെയ്തിട്ടുമില്ല. പക്ഷേ, മഹത്തായ ഒരു കലാലത്തെ സംബന്ധിച്ചിടത്തോളം എ.റ്റി.ജോണി ഒരു വിഭജനരേഖയാണ്. യുസിയുടെ ചരിത്രത്തെ അദ്ദേഹം ഇങ്ങനെ വേര്‍തിരിക്കുന്നു. യുസി - ജോണിസമരത്തിനു മുമ്പും ജോണിസമരത്തിനു ശേഷവും!

Courtesy: V.K.Muhammed, C.Mani, Prof. Sunny
(Old students of U.C.College during late 60's and early 70's),
Prof. A.M.Geevarghese (Former head of the dept. of English, U.C.College)