Sunday 12 April 2009

തുണിയില്ലാതെയും സമരം

എഴുപതുകളില്‍ എന്തായിരുന്നു യുസി…? പറഞ്ഞുകേട്ട കഥകള്‍ വച്ച് ഒരന്വേഷണം നടത്തി. കിട്ടിയത് ഏതാനും സമരങ്ങളുടെ വീരഗാഥകള്‍. പ്രക്ഷുബ്ധമായ ഒരു കാലഘട്ടം അടയാളപ്പെടുത്താന്‍ സമരങ്ങളോളം മറ്റെന്തുണ്ട്…?

മൂന്ന് സമരങ്ങള്‍. മൂന്നും ഒന്നിനൊന്ന് വ്യത്യസ്തം, വിചിത്രം. മൂന്നിലും യുസിയുടെ കരുത്തുണ്ട്, കയ്യിലിരിപ്പുണ്ട്, കയ്യൊപ്പുണ്ട്. ഒരുപക്ഷേ, ഇനിയൊരിക്കലും ഇതുപോലുള്ള സമരങ്ങള്‍ യുസിയില്‍ നടന്നെന്നു വരില്ല.

ഇതില്‍ ആദ്യത്തെ സമരം നടക്കുന്നത് 1970-ലാണ്. അക്കാലത്ത് നടന്ന മറ്റു പല സമരങ്ങളെയും പോലെ ഹോസ്റ്റലിലാണ് ഈ സമരവും പിറവിയെടുക്കുന്നത്. അന്ന് ആണ്‍കുട്ടികള്‍ കാമ്പസിലെ ന്യൂനപക്ഷമല്ല. ആണുങ്ങള്‍ സര്‍വാധിപത്യം പുലര്‍ത്തിയിരുന്ന ആ കാലത്ത് അവര്‍ക്കു പാര്‍ക്കാന്‍ യുസിയിലുണ്ടായിരുന്നത് അഞ്ച് ഹോസ്റ്റലുകള്‍! ഹോളണ്ട് ഹോസ്റ്റല്‍ (ഇന്ന് അധ്യാപകരുടെ ക്വാര്ട്ടേഴ്സ് ), ന്യൂ ഹോസ്റ്റല്‍ (ഇന്നത്തെ സൈക്കോളജി ബ്ലോക്ക് നില്ക്കുന്ന സ്ഥലത്ത് മുമ്പുണ്ടായിരുന്ന മാത്യു ബ്ലോക്ക് ), ചാക്കോ ഹോസ്റ്റല്‍, സ്കിന്നറ് ഹോസ്റ്റല്‍, ടാഗോറ് ഹോസ്റ്റല്‍ (സര്ക്കസ് കൂടാരം പോലൊരു ഓഡിറ്റോറിയം ഇന്ന് നില്ക്കുന്ന സ്ഥലത്ത് പണ്ടുണ്ടായിരുന്ന ഹോസ്റ്റല്‍).

കപ്പ പുഴുങ്ങിയതു പോലെ കുറേ ഇള്ളക്കുട്ടികള് ചുമ്മാ ഉണ്ടുറങ്ങിക്കഴിയുന്ന ഇടമല്ല അന്ന് ഹോസ്റ്റലുകളൊന്നും. ഇന്നത്തെ കിളിനോച്ചിയും മുല്ലത്തീവും പോലെ ഒന്നാന്തരം പുലിമടകള്‍! ജാതി, വര്ഗ, പ്രത്യയശാസ്ത്രഭേദമില്ല്ലാതെ എല്ലാ അവമ്മാരും തോളോടുതോള് ചേര്ന്നിരുന്ന് റമ്മിയും പന്നിമലത്തും കളിക്കും. ‘ക, മ, പ’ എന്നീ അക്ഷരങ്ങളില് തുടങ്ങുന്ന വാക്കുകള് തെരുതെരെ പയറ്റും. ഒഴിവുള്ളപ്പോള്‍ യുസിക്കടവില് ‘കുളിസീന്’ പിടിക്കാന്‍ പോകും. തെറുപ്പുബീഡിയും കള്ളും (ചിലപ്പോള് ‘സാമി’ എന്ന ഓമനപ്പേരില് അറിയപ്പെടുന്ന കഞ്ചാവും) എവിടെ കണ്ടാലും ആരതിയുഴിഞ്ഞ് ആനയിക്കും. നില്ക്കുമ്പോള്‍ കാലുറയ്ക്കാതെ പോയ പിഞ്ചുകുറ്റത്തിന് കുടുംബത്തുന്ന് പുറത്തായവര്‍ തൊട്ട് ഗംഭീര ‘ഹറാമ്പറപ്പു‘കളുടെ പേരില് നാടും നാട്ടാരും തിരയുന്ന വല്യ പുള്ളികള്‍ക്ക് വരെ രാത്രികളില്‍ അഭയം കൊടുക്കും.

അലമ്പു മാത്രമല്ല ഹോസ്റ്റലുകളുടെ മുഖമുദ്ര. എല്ലാറ്റിനും കൂടി, ഒടുവില്‍ എല്ലാവനും ഉറങ്ങിക്കഴിയുമ്പോള്‍ മാത്രം നാലക്ഷരം പഠിച്ച് റാങ്കു നേടുന്നവന്‍ അവര്ക്കിടയിലുണ്ട്. ചില ‘ബുദ്ധിരാക്ഷസന്മാര്‘ പഠിക്കാതെയും പാസായിക്കളയും! റേഡിയോ ‘അസംബിള്’ ചെയ്തും പോസ്റ്ററെഴുതിയും ട്യൂഷനെടുത്തും ചെലവിനു പണമുണ്ടാക്കുന്നവര് തൊട്ട് റബര് മുതലാളിമാര് വരെ എച്ചികളായി വാഴുന്ന സമത്വസുന്ദരലോകമാണവിടം. ആര്ട്സും സ്പോര്ട്സും ഇലക്ഷനും തല്ലും എന്നുവേണ്ട കോളേജിലെ സകല ഇടപാടുകള്‍ക്കും ആളയച്ച് സഹായിക്കുന്നത് ഇവരാണ്.

ഫ്ലാഷ് ബാക്ക് നിര്‍ത്തി സംഭവത്തിലേക്കു വരാം. 1970-ലെ ഒരു പ്രഭാതം. ന്യൂ ഹോസ്റ്റല്‍. സൂര്യന് പതിവു പോലെ അന്നും ഉഷാറായുദിച്ചു. തേച്ചുതേച്ച് മലന്ന ബ്രഷ്, കരി, പൊടി എന്നിത്യാദി സാമഗ്രികല്‍ കയ്യിലേന്തി അന്തേവാസികളില്‍ ചിലര് പൈപ്പിനു ചോട്ടിലേക്കും കത്തിക്കാത്ത കട്ടന്ബീഡി കടിച്ച് ചിലര് കക്കൂസിലേക്കും നടക്കുന്നു. ഒട്ടും അമാന്തമില്ലാതെ പോയവരെല്ലാം പോയ കോലത്തില് തിരികെവരുന്നു. എവിടെയും വെള്ളമില്ല!

ഏവരിലും വിവിധങ്ങളായ രോഷം ആളിക്കത്തി. ഹോസ്റ്റലില്‍ വെള്ള്മില്ലാത്തത് ഒരു പതിവായിരിക്കുന്നു. ഒന്നു കുളിക്കണമെങ്കില്, മനസ്സൊഴിഞ്ഞ് അപ്പിയിടണമെങ്കില് കുറച്ചപ്പുറമുള്ള ആറ്റില്‍ പോകണം. ഇനിയും ഇതങ്ങനെ വിട്ടാല്‍ പറ്റില്ല. ആറ്റുകാലമ്മച്ചിയെ മനസ്സില്‍ ധ്യാനിച്ച് ചിലര് നിന്ന നില്പില് പ്രതിജ്ഞയെടുത്തു. “ഇല്ല, ഇനി വെള്ളം വരാതെ കുളിമുറിയില്‍ അഴിച്ചിട്ട ഉടുതുണിയുടുക്കില്ല…”

ബി.എ ഫൈനല്‍ ഇംഗ്ലീഷ് വിദ്യാര്ഥി വിദ്യാസാഗറിനു (അടിമാലി ടൌണില്‍ പോറ്റി ഹോട്ടല്‍ നടത്തിയിരുന്ന ഈഴവകുടുംബത്തിലെ അംഗമായ വിദ്യാസാഗര്‍ അന്ന് ‘അടിമാലിച്ചോന്‍’ എന്നാണറിയപ്പെട്ടിരുന്നത്. ഇതേ അടിമാലിച്ചോന്‍ കാലമേറെ കഴിഞ്ഞപ്പോള്‍ അഖിലലോക ഈഴവ സംഘടനയായ S.N.D.P യുടെ വൈസ് പ്രസിഡന്റും പ്രസിഡന്റുമായ അഡ്വക്കേറ്റ് വിദ്യാസാഗറായി. പിന്നീട് വെള്ളാപ്പള്ളിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് നേത്രുസ്ഥാനമൊഴിഞ്ഞു) പിന്നില് ഹോസ്റ്റലുകാര് അണിനിരന്നു. പല്ലുതേപ്പ്, കുളി എന്നീ പ്രഹസനങ്ങളില്‍ വിശ്വാസമുള്ളവരും ഇല്ലാത്തവരും ഒരേ മനസ്സോടെ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ഒറ്റയ്ക്കല്ല. സമാനഗതികേടുകാരായ ചാക്കോ ഹോസ്റ്റലുകാരും കൂട്ടിനുണ്ട്.

നേതാവിന്റെയും അണികളുടെയും വേഷമാണ് ശ്രദ്ധേയം. അരയില് ഒരരത്തോര്‍ത്ത്. ചിലര്‍ക്ക് ജെട്ടി മാത്രം. ‘ലുക്ക്’ ബാലന്‍സ് ചെയ്യാന്‍ ചിലര് തലയിലും കെട്ടി ഒരു തോര്‍ത്ത്! കണ്ണ് കൊള്ളാതിരിക്കാന്‍ വായില് ഒരു ബ്രഷും കടിച്ചുപിടിച്ചു. (ബാത്ടവ്വലൊക്കെ കെട്ടി കുളിക്കുന്ന പരിപാടി അല്ലെങ്കിലും സിനിമയില് മാത്രമല്ലേയുള്ളൂ.) കോളേജിലെ ‘നഗ്നയാഥാര്ഥ്യ‘ങ്ങള്‍ക്ക് നേരേ ആ സമരക്കാര്‍ ജാഥയായി നടന്നു. ഹോള്ണ്ട് ഹോസ്റ്റലിനു വലതു മാറിയുള്ള T.B.T അഥവാ T.B.Thomas സാറിന്റെ വീടാണ് ലക്ഷ്യം. കാഴ്ചയ്ക്ക് E.M.S നോട് സാമ്യമുള്ളയാളും സര്‍വോപരി ബഹുമാന്യനുമായ T.B.T യാണ് അന്ന് ഹോസ്റ്റല്‍വാര്‍ഡന്‍.

ജാഥയാകുമ്പോള്‍ ഒരു മുദ്രാവാക്യവും വേണമല്ലോ. യുസിക്കാര്‍ക്കുണ്ടോ അതിനു വല്ല പഞ്ഞവും. ചരിത്രപ്രസിദ്ധമായ ‘മിച്ചഭൂമി’സമരം നടന്നുവരുന്ന കാലമാണ്.
“പിടിച്ചടക്കും പിടിച്ചടക്കും
മിച്ചഭൂമി പിടിച്ചടക്കും“
ഇതായിരുന്നു അന്ന് കേരളത്തെ പ്രകമ്പനം കൊള്ളിച്ച മുദ്രാവാക്യം. അതിന്റെ മാത്രുക തന്നെ പിടിച്ചു നമ്മുടെ ഹോസ്റ്റലുകാരും.
“പിടിച്ചടക്കും പിടിച്ചടക്കും
പച്ചവെള്ളം പിടിച്ചടക്കും….”

ദൈവത്തിനു വേദനിക്കുമാറ് മുഷ്ടി ചുരുട്ടി ആകാശത്തേക്കെറിഞ്ഞ്, മുദ്രാവാക്യം വിളിച്ച് അവര് നടന്നുനീങ്ങി. സമയം അപ്പോഴേക്കും ഒമ്പതായി. കോളേജില്‍ ആളനക്കം തുടങ്ങുന്ന നേരമാണ്. യുസിയില്‍ നടാടെയുള്ള ഈ കാഴ്ച കണ്ട് വിദ്യാര്ഥികളും അധ്യാപകരും ഒരുപോലെ അമ്പരന്നു. എല്ലാ കണ്ണുകളും അവരെ പിന്തുടര്‍ന്നു.
ജാഥ T.B.T യുടെ വീട്ടിലെത്തി. നേതാവ് വിദ്യാസാഗര്‍ ഒരൊറ്റച്ചാട്ടത്തിന് മതിലില്‍ ചാടിക്കയറി. ശേഷം അണികളെ അഭിസംബോധന ചെയ്തു:

“സ്നേഹിതരേ, നമ്മുടെ സമരം മഹത്തായ ഈ കോളേജിനെതിരെയല്ല, ഇവിടുത്തെ മാനേജ്മെന്റിനെതിരെയല്ല, മറിച്ച് പഴകിത്തുരുമ്പിച്ച ഇവിടുത്തെ ഇരുമ്പുപൈപ്പുകളോടാണ്. തദവസരത്തില്‍ നമ്മള്‍ ഒരു ഫോട്ടോയെടുക്കുന്നതായിരിക്കും.”

അന്നത്തെ ക്ലിക്ക്-3 എന്ന ക്യാമറ കൈയിലുണ്ടായിരുന്ന സമരക്കാരിലൊരാള്‍ നേതാവിന്റെയും അണികളുടെയും ഫോട്ടോയെടുത്തു. ആദ്യമായും അവസാനമായും യുസിയില്‍ നടന്ന ‘പച്ചവെള്ളസമരം‘ അങ്ങനെ കാലത്തിന്റെ കണ്ണില്‍ പതിഞ്ഞു.

സമരക്കാരുടെ ആവശ്യം ഒറ്റനോട്ടത്തില്‍ T.B.T തിരിച്ചറിഞ്ഞു. അണികളുടെ ആവേശം ‘ഒരിഞ്ച്’ പൊങ്ങിയാല്‍ നാണക്കേട് കോളേജിനാണ്. ഹോസ്റ്റലില് വെള്ളമെത്തിക്കുന്നതിനു വേണ്ട അടിയന്തിരനടപടികള്‍ സാറ് സ്വീകരിച്ചു. അങ്ങനെ ‘കടുംകൈ’ അവസാനിപ്പിച്ച് ഹോസ്റ്റലുകാര് വന്ന വേഷത്തില്‍ മടങ്ങി.

Streaking അഥവാ തുണിപറിച്ചോട്ടം എന്നൊരേര്‍പ്പാട് വിദേശരാജ്യങ്ങളില് പുത്തരിയല്ലെങ്കിലും അത് നമ്മുടെ രാജ്യത്തെത്തിയത് എഴുപതുകളിലാണ്. 1974-ല് പ്രൊതിമ ബേഡി എന്ന മൊതല് മുംബൈയിലെ ജൂഹു ബീച്ചില്‍ തുണിയില്ലാതെ ഓടി. ഏതാണ്ട് അതേ കാലയളവില്‍ എറണാകുളം ലോ കോളേജിലെ ഒരു കൂട്ടം വിദ്യാര്ഥികള്‍ (മമ്മൂട്ടിയുണ്ടെന്ന് അദ്ദേഹവും ഇല്ലെന്ന് മറ്റു പലരും പറയുന്നു) ബ്രോഡ് വേയിലെ പോസ്റ്റാഫീസ് മുതല് പ്രസ് ക്ലബ് റോഡ് വരെ നഗ്നയോട്ടം നടത്തി. ഈ രണ്ടു സംഭവങ്ങളിലും വെറും ‘പബ്ലിസിറ്റി സ്റ്റണ്ട്’ എന്നതില്‍ കവിഞ്ഞ് മറ്റൊന്നും ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ ‘ടാബ്ലോയിഡ് ജേര്ണലിസ‘ത്തിന്റെ ഉസ്താദായ കരഞ്ജിയ (Russi Karanjia) 1974-ല് ‘സിനി ബ്ലിറ്റ്സ്‘ മാഗസിന്‍ തുടങ്ങിയപ്പോള്‍ അതിന്റെ കവര്സ്റ്റോറിയായി അടിച്ചു വരാന്‍ വേണ്ടിയായിരുന്നു ബേഡിയുടെ ‘ബോഡി ഷോ‘. വ്യാഖ്യാനങ്ങള്‍ പലതുണ്ടെങ്കിലും ലോ കോളേജിലെ പിള്ളാര് തുണിയഴിച്ചോടിയതെന്തിനെന്ന് അവര്‍ക്കുപോലും അറിയില്ല!

തുണിയില്ലാതെയും സമരം ചെയ്യാമെന്ന് കേരളത്തിലെ കലാലയങ്ങള്‍ ചിന്തിച്ചു തുടങ്ങുംമുമ്പേ വളരെ നിസ്സാരമായി അതു നടത്തിക്കാണിച്ചത് യുസിക്കാരാണ്. എന്നാല്‍, ‘മറ‘യില്ലാതെ നടന്ന ആ സമരം ഇന്ന് കാലം മറന്നുപോയിരിക്കുന്നു.

Courtesy: Advt. Vidyasagar (Former student of U.C. College during 1967-70)
Prof. B.T.Joy, Ex-student and former head of the dept. of history, U.C.College