Wednesday 11 February 2009

എഴുപതുകളിലെ സമരങ്ങള്‍

ഒരു നിമിഷം എഴുന്നേറ്റു നിന്ന് ഗുരുക്കന്മാരെ നമിച്ചുകൊണ്ട് തുടങ്ങട്ടെ......

കാരണം, എഴുതുന്നത് എന്നേക്കാള്‍ പ്രായമുള്ള ഓര്‍മയാണ്. എഴുപതുകളില്‍ നിന്ന് കടമെടുത്ത ഓര്‍മ. അതിന്നാല്‍ എത്ര ശ്രമിച്ചാലും 'കളറ്' കിട്ടില്ല.

എഴുപതുകള്‍ എന്ന് കേട്ടപ്പോള്‍ ബ്ലോഗിന്റെ തിലകക്കുറിയായി ചേര്‍ത്ത യുസിയുടെ ഫോട്ടോയ്ക്ക് ഒരിളക്കം! അടിമുടി ഒന്നുലഞ്ഞ് ഗാംഭീര്യത്തോടെ അത് യഥാസ്ഥാനത്തിരുന്നു. മുഖത്ത് ഗര്‍ജ്ജനത്തിന് മുമ്പുള്ള ശാന്തത. പറഞ്ഞുവരുന്നത്‌ ഗര്‍ജിക്കുന്ന എഴുപതുകളെക്കുറിച്ചാണല്ലോ...The Roaring Seventies.....

എഴുപതുകള്‍ എന്ന് കേട്ടാല്‍ യുസിയ്ക്ക് മാത്രമല്ല, കേരളത്തിലെ ഏത് കലാലയത്തിനും രക്തം തിളയ്ക്കും. എഴുത്തും വായനയും ചിന്തയും പ്രസ്ഥാനവും യൌവനങ്ങളെ ചുട്ടുപൊള്ളിച്ച എഴുപതുകള്‍. ബില്‍ ഗേറ്റ്സ് 'വിന്‍ഡോസ്' തുറക്കുന്നതിനും എത്രയോ മുമ്പ് ലോകം മുഴുവന്‍ മലക്കെ തുറന്നിട്ട വാതില്‍. നെരൂദയും ബ്രഹ്തും ഫുക്കുവോക്കയും റൂമിയുമൊക്കെ നമ്മുടെ കാമ്പസുകളിലേക്ക് കടന്നുവന്നത് ഈ വാതിലിലൂടെയാണ്. 'Make love, Not War' എന്ന മുദ്രാവാക്യവുമായി അങ്ങ് പടിഞ്ഞാറ് ജനിച്ച 'ഹിപ്പിസം' എന്ന തിരമാല അറബിക്കടല്‍ കടന്ന് കേരളത്തിലേക്കടിച്ചെത്തിയതും ഇതിലൂടെ തന്നെ.

"ഞങ്ങളിപ്പോള്‍ യേശു ക്രിസ്തുവിനേക്കാള്‍ പ്രശസ്തരാണ്" (We are more popular than Jesus Christ right now). യുവത്വത്തിന്റെ സിരകളില്‍ സംഗീതത്തിന്റെ ലഹരി കുത്തിവച്ച 'ബീറ്റില്‍സ്' ഗായകന്‍ ജോണ്‍ ലെന്നന്‍ എഴുപതുകളില്‍ ഇതു പറഞ്ഞപ്പോള്‍ ലോകം അദ്ദേഹത്തെ കല്ലെറിഞ്ഞു കൊന്നില്ല. കാരണം, സിനിമയും നാടകവും സംഗീതവുമൊക്കെ സൃഷ്‌ടിച്ച പുത്തന്‍ സംവേദനക്ഷമതയുടെ കൂടി കാലമായിരുന്നു എഴുപതുകള്‍.

അക്കാലത്ത് ഭക്ഷണവും വസ്ത്രവും പോലുള്ള അടിസ്ഥാന ആവശ്യമായിരുന്നു എഴുത്തും വായനയും. മൊഴി മാറ്റിയ കവിതകളും അതിതീവ്രമായ രാഷ്ട്രീയവും മാത്രമല്ല, അസ്വാതന്ത്യത്തിന്‍റെ വിലക്കുകളും കാമ്പസുകളെ ഉഴുതുമറിച്ചു.

അടിയന്തരാവസ്ഥക്കാലത്തെ ഒരു ദിവസം. ക്ഷുഭിതയൌവനങ്ങളുടെ ചൂടും ചൂരുമറിഞ്ഞ മഹാരാജാസിലേക്ക് ഒരു പോലീസ് ജീപ്പ് വന്നുനിന്നു. പ്രകോപനപരമായി കവിതയെഴുതുന്ന ഒരു വിദ്യാര്തിയെ അവര്‍ക്ക് അറസ്റ്റ് ചെയ്യണം. കവിയുടെ പേര് ബ്രഹ്ത്. ബെര്‍തോള്‍ട് ബ്രഹ്ത്....! തങ്ങളെ ചിരിച്ചു തള്ളിയ മഹാരാജാസില്‍ നിന്നും ഒടുവില്‍ പോലീസ് മറ്റൊരാളെ അറസ്റ്റ് ചെയ്തു. കാമ്പസില്‍ പാശ്ചാത്യകവിതകള്‍ പരിഭാഷപ്പെടുത്തുന്ന ടി ആര്‍ ശിവശങ്കരന്‍ എന്ന വിദ്യാര്‍ഥിയെ.

എഴുപതുകളിലെ കാമ്പസുകളില്‍ ഏറെ പ്രബുദ്ധം എറണാകുളം മഹാരാജാസ് തന്നെ. സംശയമേതുമില്ല. നിര്‍ഭാഗ്യവശാല്‍ മഹാരാജാസിനെ എനിക്കറിയില്ല. അറിയാവുന്നത്, മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ സൌമനസ്യം കൊണ്ടാരംഭിച്ച യുസിയെ മാത്രം.

(തുടരും....)
കടപ്പാട്: മനോരമ ലേഖകന്‍ സി.ആര്‍.രതീഷ്

No comments: